പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമണത്തില്‍ നഷ്ടപരിഹാരം കെട്ടിവെച്ചാല്‍ മാത്രമേ പ്രതികള്‍ക്ക് ജാമ്യം നല്‍കാവൂവെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഹരജിയിന്മേലാണ് കോടതിയുടെ ഇടപെടല്‍. പി എഫ് ഐ 5.20 കോടി രൂപ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നാണ് ഉത്തരവ്.
നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാം. തുക കെട്ടി വച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി ആക്ട് പ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം, പി എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ സത്താറിനെ എല്ലാ കേസുകളിലും പ്രതിയാക്കാനും നിര്‍ദേശമുണ്ട്.