പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇന്ത്യ ഇസ്രയേലിന്റെ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോദി ഉള്‍പ്പെട്ടാണ് കരാര്‍ ഒപ്പിട്ടത് എന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനേയും ജനങ്ങളെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞെന്ന് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ വിഷയത്തിലാണ് ഒരു പാര്‍ലമെന്റ് സമ്മേളനം മുഴുവന്‍ സ്തംഭിച്ചത്. ഇതില്‍ ഒരു ബന്ധവുമില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇത് അവകാശലംഘനത്തിന്റെ പ്രശ്‌നമാണെന്നും പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഉത്തരം പറഞ്ഞേ മതിയാകൂവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യ പെഗാസസ് വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2017ലെ പ്രതിരോധ കരാര്‍ പ്രകാരം 13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. 2017ല്‍ നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്‌ക്കൊപ്പം ഹോളണ്ടും ഹംഗറിയും പെഗാസസ് വാങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ പെഗാസസ് വലിയ രീതിയില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.