X

പാര്‍ട്ടി പുറംമോടി; തീരുമാനിക്കുന്നത് ഒരേ ഒരാള്‍!- അഡ്വ. കെ.എം ഷാജഹാന്‍

അഡ്വ. കെ.എം ഷാജഹാന്‍

23 ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെയുള്ള തിയ്യതികളില്‍ എറണാകുളത്ത് വെച്ച് നടക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സി.പി.എമ്മിന് തുടര്‍ ഭരണം ലഭിച്ച പശ്ചാത്തലത്തില്‍, ഏറെ ആഘോഷപൂര്‍വമാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ഏറെ നീണ്ടുനില്‍ക്കുന്ന സമ്മേളന പ്രക്രിയയുടെ പരിസമാപ്തിയാണ് സംസ്ഥാന സമ്മേളനം. മാസങ്ങളായി സി.പി.എമ്മിന്റെ ബ്രാഞ്ച്- ലോക്കല്‍- ഏരിയ- ജില്ലാ സമ്മേളനങ്ങള്‍ നടന്നുവരികയായിരുന്നു. 30,000 ത്തിലധികം ബ്രാഞ്ച് സമ്മേളനങ്ങളില്‍ ആരംഭിച്ച സമ്മേളന പ്രക്രിയയാണ്, സംസ്ഥാന സമ്മേളനത്തിലൂടെ അതിന്റെ പരിസമാപ്തിയില്‍ എത്തിച്ചേരുക. ഇനി നടക്കാനുള്ളത് കണ്ണൂരില്‍ വച്ച് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രം.

കേരളത്തിലെ പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്നും, പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചു എന്നും, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിക്കുകയുണ്ടായി. പുറമെ നോക്കിയാല്‍ സര്‍വവും ഭദ്രമാണ് സി.പി.എമ്മില്‍. ഒരു ജില്ലാ സമ്മേളനത്തിലും വിഭാഗീയതയോ, ചേരിതിരിഞ്ഞുള്ള മത്സരമോ ഉണ്ടായില്ല. എല്ലാ തീരുമാനങ്ങളും ഐകകണ്‌ഠ്യേനയായിരുന്നു. അപശബ്ദങ്ങളോ ഭിന്ന സ്വരങ്ങളോ ഒന്നും ഉയര്‍ന്നില്ല. പേരിന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം വിമര്‍ശനങ്ങള്‍ക്ക് വേണ്ടിയുള്ള വിമര്‍ശനങ്ങള്‍ മാത്രമായിരുന്നു. വ്യത്യസ്ത സ്വരങ്ങള്‍ ഉയരുന്നു എന്ന് പുറംലോകത്തെ അറിയിക്കാനുള്ള വെറും ചെപ്പടിവിദ്യകള്‍ മാത്രം. വിമര്‍ശിച്ചവരും അവസാനം അടങ്ങി ഒതുങ്ങി നേതൃത്വത്തിന് ഓശാന പാടി. പുറമേക്ക് എല്ലാം ഭദ്രം. അച്ചടക്കവും, അടക്കവും, ഒതുക്കവും ഉള്ള ഒരു പാര്‍ട്ടി. അതാണ് സി.പി. എം പുറംലോകത്തിന് നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശം.
പക്ഷേ പാര്‍ട്ടി എന്നത് യഥാര്‍ഥത്തില്‍ ഒരു പുറംമോടി മാത്രമോ? ഇത്രയേറെ കേന്ദ്രീകരിക്കപ്പെട്ട, ഇത്രയേറെ ജനാധിപത്യമില്ലാത്ത, ഇത്രയേറെ എതിര്‍ സ്വരങ്ങളെ ചവിട്ടിമെതിക്കുന്ന, ഇത്രയേറെ ഒരേ ഒരു നേതാവിന്റെ ചവിട്ടടിയില്‍ ആക്കപ്പെട്ട ഒരു സാഹചര്യം കേരളത്തിലെ സി.പി.എമ്മില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ? ഒരിക്കലുമില്ല. സി.പി.എമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട വിഭാഗീയത ഉണ്ടായിരുന്നു എന്ന കാര്യം തര്‍ക്കമറ്റ വസ്തുതയാണ്. പക്ഷേ അക്കാലത്തൊക്കെയും ഏറിയും കുറഞ്ഞും ഈ പാര്‍ട്ടിയില്‍ ജനാധിപത്യം ഉണ്ടായിരുന്നു. എതിര്‍ സ്വരങ്ങള്‍ക്ക് അല്‍പമെങ്കിലും സ്ഥാനമുണ്ടായിരുന്നു. വിഭാഗീയത കൊണ്ടാണെങ്കിലും വ്യത്യസ്ത സ്വരങ്ങള്‍ ഉയര്‍ത്താന്‍ കുറേ നേതാക്കള്‍ എങ്കിലും തയാറാകുമായിരുന്നു. അക്കാലത്ത് സംസ്ഥാന കമ്മിറ്റിയിലെങ്കിലും ചര്‍ച്ചകള്‍ ഉയരുമായിരുന്നു. കുറേ ഏറെ നേതാക്കള്‍ എങ്കിലും കടുത്ത വിമര്‍ശനത്തിന് തയ്യാറാകുമായിരുന്നു. വിമര്‍ശനങ്ങള്‍ ചെറിയ തോതിലെങ്കിലും നേതൃത്വത്തെ തിരുത്തുമായിരുന്നു.

എന്നാല്‍ ഇന്നോ? വിഭാഗീയത ഇല്ലാതായി എന്നും, വിഭാഗീയത തുടച്ചുമാറ്റപ്പെട്ടു എന്നും നേതാക്കള്‍ പറയുമ്പോള്‍, യഥാര്‍ഥത്തില്‍ തുടച്ചുമാറ്റപ്പെട്ടതും ഇല്ലാതായതും വിഭാഗീയതയാണോ? മറിച്ച് എതിര്‍ ശബ്ദങ്ങളല്ലേ? വിയോജനമല്ലേ? യഥാര്‍ഥത്തില്‍ സി.പി.എമ്മില്‍ അവസാനിച്ചത് ആന്തരിക ജനാധിപത്യമല്ലേ? അവസാനിച്ചത് എതിര്‍ അഭിപ്രായങ്ങളല്ലേ? വിമര്‍ശനങ്ങളല്ലേ? വിയോജനം പരിപൂര്‍ണമായി അവസാനിച്ച ഒരു തനി ഏകാധിപത്യ വ്യവസ്ഥിതിയായി സി.പി.എം എന്ന സംഘടന മാറിക്കഴിഞ്ഞില്ലേ? അധ:പതിച്ചില്ലേ? കാലാകാലങ്ങളായി സി.പി.എം എന്ന പാര്‍ട്ടിയുടെ അവസാന വാക്ക് സംസ്ഥാന സെക്രട്ടറിയും, ഏറെ അധികാരങ്ങളുള്ള നയരൂപീകരണ വേദി സംസ്ഥാന സെക്രട്ടറിയേറ്റും ആയിരുന്നില്ലേ? എന്നാല്‍ ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കീറക്കടലാസിന്റെ വില എങ്കിലുമുണ്ടോ? പാര്‍ട്ടി സെക്രട്ടറിയേറ്റ് വെറും നോക്കുകുത്തി മാത്രമല്ലേ? സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ടോ? പേരിന് ഒരു സംസ്ഥാന കമ്മിറ്റി നിലവിലുണ്ട്. പക്ഷേ ആ സമിതിക്ക് എന്തെങ്കിലും അധികാരമുണ്ടോ? ആ സമിതിയില്‍ ആരെങ്കിലും വിയോജനം ഉയര്‍ത്താറുണ്ടോ? എത്ര സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടേയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും പേരുകള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കറിയാം?

ഇന്ന് കേരളത്തില്‍ സി.പി.എം വെറും ഏറാന്‍മൂളികളുടെ പാര്‍ട്ടിയല്ലേ? എന്ത് നയ തീരുമാനങ്ങളാണ് ഇന്ന് പാര്‍ട്ടി എടുക്കുന്നത്? ഏത് നയമാണ് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നത്? മുന്‍കാലങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ അണുവിട വ്യത്യാസമില്ലാതെ നടപ്പിലാക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു സി.പി. എമ്മിന്റെ മുഖ്യമന്ത്രിമാര്‍. ഇ.കെ നായനാര്‍ മുതല്‍ വലിയൊരു അളവുവരെ വി. എസ് അച്യുതാനന്ദന്‍ വരെയുള്ളവരെ നിയന്ത്രിച്ചിരുന്നത് സി.പി.എം എന്ന പാര്‍ട്ടിയായിരുന്നു. പാര്‍ട്ടിയുടെ നയങ്ങള്‍ അച്ചടക്കത്തോടെ നടപ്പിലാക്കുക എന്നതായിരുന്നു പാര്‍ട്ടി മുഖ്യമന്ത്രിമാരുടെ ചുമതല. മുഖ്യമന്ത്രിമാര്‍ പാര്‍ട്ടി നയങ്ങളില്‍നിന്ന് വ്യതിചലിച്ചാല്‍ ഉടനടി പാര്‍ട്ടി ഇടപെട്ട് തിരുത്തിക്കുമായിരുന്നു. ഈ ‘തിരുത്തല്‍’ ഒരുപാട് അനുഭവിച്ച മുഖ്യമന്ത്രിയായിരുന്നു വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടിയാണ് പരമം എന്ന് അച്യുതാനന്ദനെ നിരന്തരം ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നതോ, പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും!
എന്നാല്‍ ഇന്നോ? പാര്‍ട്ടി പിണറായി വിജയനില്‍ തുടങ്ങി പിണറായി വിജയനില്‍ അവസാനിക്കുന്നു. ഇന്ന് പാര്‍ട്ടി പിണറായി വിജയന്റെ കൈവെള്ളയിലാണ്. പാര്‍ട്ടിയെന്നാല്‍ പിണറായി വിജയന്‍; പിണറായി വിജയനെന്നാല്‍ പാര്‍ട്ടി. പാര്‍ട്ടി എന്നത് പുറംമോടി മാത്രം, എല്ലാം തീരുമാനിക്കുന്നത് ഒരേ ഒരാള്‍. പിണറായി വിജയന്റെ ഇംഗിതത്തിന് എതിരായി ഒരു ബ്രാഞ്ച് സെക്രട്ടറിയെ മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ വരെ നിയമിക്കാന്‍ കോടിയേരി ബാലകൃഷ്ണനാവുമോ? ഒരിക്കലുമില്ല, എല്ലാം തീരുമാനിക്കുന്നത് ഒരേ ഒരാള്‍. പക്ഷേ ലോകത്തെമ്പാടും ഉള്ള അനുഭവങ്ങള്‍ നോക്കിയാല്‍, ഒരു ഏകാധിപതിയും, ഏകഛത്രാധിപതിയും ഏറെനാള്‍ ചോദ്യം ചെയ്യപ്പെടാതെ തുടര്‍ന്നിട്ടില്ല എന്ന് കാണാനാവും. ലോകത്തിന്റെ നെറുകയില്‍ നിന്ന പല ഏകാധിപതികളും നിമിഷ നേരം കൊണ്ട് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ട്!

Test User: