ഡോ. അബ്ദുല്‍ ജലീല്‍ ഒതായി
മുഖ്യധാരയില്‍നിന്നും പല കാരണങ്ങളാല്‍ പിന്നാക്കംപോയ ദലിത്, മതന്യൂനപക്ഷങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് രാജ്യ പുരോഗതിയുടെ ഭാഗമായി തന്നെ നോക്കി കണ്ടവരായിരുന്നു ഭരണഘടന ശില്‍പികള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗാമികള്‍. ജാതിവിവേചനവും അപര വത്കരണവും ദലിതരെയും മത ന്യൂനപക്ഷങ്ങളെയും കുറച്ചൊന്നുമല്ല ദുരിതത്തിലാക്കികൊണ്ടിരിക്കുന്നത്. ഉദ്യോഗ ഭരണ രംഗങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഏറെക്കാലമായി അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. സംവരണമെന്ന ആശയം അവരുടെ വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി മുന്നോട്ടുവച്ച ആശയമായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ മുന്നാക്കക്കാരിലെ പിന്നാക്കകാര്‍ക്കു വേണ്ടി 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിഅതൊരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാക്കി മറ്റുകയാണുണ്ടായത്. വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ ജനസംഖ്യാനുപാതികമായ അവസരസമത്വം എന്ന ആശയം ഒറ്റയടിക്ക് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ തകര്‍ത്തുകളയുകയാണ് ചെയ്തത്.
ഇപ്പോള്‍ തന്നെ ഉദ്യോഗ വൈജ്ഞാനിക മേഖലയില്‍നിന്നും പല കാരണങ്ങളാല്‍ പടിക്കുപുറത്തു നിര്‍ത്തപ്പെട്ട ദലിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമിത് അവരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയ തടസമായി മാറുമെന്നതില്‍ സംശയമില്ല. ഉന്നത വിദ്യാഭ്യാസമെന്നത് രാജ്യം സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടെങ്കിലും ദലിതരും പിന്നാക്കക്കാരുമായ പട്ടിണിപ്പാവങ്ങള്‍ക്ക് ഇന്നും കിട്ടാക്കനി തന്നെയാണ്. ഇനി ഏതെങ്കിലും വിദ്യാര്‍ഥികള്‍ ത്യാഗത്തിലൂടെ അങ്ങിനെയുള്ള ഇടങ്ങളില്‍ എത്തിയാലോ രോഹിത് വെമുലമാരുടെ അനുഭവമാണ് കൂടുതലും ഉണ്ടാവാറുള്ളത്. ഇതൊന്നും കേരളത്തില്‍ അല്ലല്ലോ എന്നു സമാധാനിക്കാനും വഴിയില്ല. ജാതി വിവേചനത്തിന്റെയും, അപരവത്കരണത്തിന്റെയും കെടുതികള്‍ ഇവിടെയും ധാരാളമായി സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ ഏറെ ഉദാഹരണങ്ങള്‍ മുമ്പിലുണ്ട്. കേരള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിക്കുണ്ടായതും മറ്റൊരനുഭവമായിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്. സര്‍വകലാശാലകള്‍ എല്ലാ അര്‍ത്ഥത്തിലും കുത്തഴിഞ്ഞിരിക്കുന്നു എന്നതിന്റെ നിദര്‍ശനങ്ങളാണ് ഓരോ ദിനത്തിലും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനവും കേരള ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുയാണ്. സ്വജന പക്ഷപാതിത്വത്തിന്റെയും അഴിമതിയുടെയും കേളീരംഗമായി കേരളത്തിലെ കലാശാലകള്‍ മാറിക്കഴിഞ്ഞു എന്നുവേണം കരുതാന്‍. കോഴിക്കോട് സര്‍വകലാശാലയായിരിക്കും ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഫാല്‍സ് നമ്പരില്ലാതെ പരീക്ഷനടത്തിയും പരീക്ഷക്കിരിക്കാത്തവര്‍ക്ക് പോലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയും അതിനു തയ്യാറാവാത്ത ജീവനക്കാരെ അടിച്ചൊതുക്കിയും എഴുതിയവരുടെ ഉത്തര കടലാസുകള്‍ കാണാതാക്കിയും തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ഇതിനകം പുറത്തറിഞ്ഞത്. അധ്യാപക നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന വിഷയത്തില്‍ തെളിവ് സഹിതം പിടിക്കപ്പെടുന്ന സാഹചര്യം പോലും കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നുമുണ്ടായി. കെടുകാര്യസ്ഥതയില്‍ ഗവര്‍ണര്‍ക്ക് മുമ്പിലെത്തിയ പരാതികള്‍ പരിശോധിച്ചാലും ഈ കലാശാല തന്നെയായിരിക്കും ഒന്നാം സ്ഥാനത്ത്. പരീക്ഷാ ചോദ്യപേപ്പറുകള്‍ യാതൊരു മുന്നൊരുക്കാവുമില്ലാതെ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്തതും പലരെയും സഹായിക്കാന്‍ തന്നെയായിരുന്നു എന്ന ആരോപണങ്ങളും തള്ളിക്കളയാനാവില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്തുവരുന്ന അധ്യാപക അനധ്യാപക ജീവനക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഒട്ടേറെയാണ്. കോവിഡ് കാലത്ത് കൃത്യമായി ഓണ്‍ലൈന്‍ വഴി പരിമിത സൗകര്യങ്ങളില്‍ നിന്നുകൊണ്ട് ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകര്‍ക്കായിരിക്കും ഈ കാലത്ത് കൂടുതല്‍ വിലയിടിഞ്ഞത്. ഇതില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍നിന്നു തന്നെയും ഉണ്ടായിരുന്നു. അവകാശങ്ങള്‍ ചോദിക്കാന്‍ ചെന്ന ഭരണാനുകൂല സംഘടനാ നേതാക്കളെ സമൂഹമധ്യത്തില്‍ പരസ്യമായി അധിക്ഷേപിക്കുന്നത് കേരളം നേരില്‍ കണ്ടതും ഇടതു ഭരണകാലത്ത് തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.ജി.സി അനുവദിച്ച ഏഴാം ശമ്പള പരിഷ്‌കരണം തടഞ്ഞു വെച്ചത് നേടിയെടുക്കാന്‍ ഒരാഴ്ചക്കാലമാണ് സി. കെ.സി.ടിയുടെ ആഭിമുഖ്യത്തില്‍ കോളജ് അധ്യാപകര്‍ സെക്രട്ടേറിയേറ്റ് നടയില്‍ സമരമിരിക്കേണ്ടിവന്നത്. കേരളത്തില്‍ മറ്റെല്ലാ ജീവനക്കാര്‍ക്കും അനുവദിച്ചതും കോളജ് അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ടതുമായ മൂന്നു ഗഡു ക്ഷാമബത്ത അകാരണമായി ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണ്. വൈകി അനുവദിച്ച ശമ്പള പരിഷ്‌കരണ കുടിശിക എപ്പോള്‍ ലഭിക്കുമെന്നത് ഇന്നും ആര്‍ക്കും അറിയാതെ തന്നെ കിടക്കുന്നു. പി.ജി വെയിറ്റേജ് എടുത്ത് കളഞ്ഞപ്പോള്‍ 3500 ഓളം വരുന്ന അധ്യാപക തസ്തികകളാണ് ഇല്ലാതായത്. നിലവിലുള്ളവരുടെ ജോലിഭാരം ക്രമാതീതമായി കൂടാനും ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം കുറയ്ക്കാനുമാണ് ഇതു ഇടവരുത്തിയത്. തസ്തിക നിര്‍ണയത്തിനു 16 മണിക്കൂര്‍ എന്നത് നിജപ്പെടുത്തിയപ്പോള്‍ അറബി, ഉറുദു, സംസ്‌കൃതം പോലെയുള്ള വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അവസരങ്ങളാണ് നഷ്ടമായത്. ഉന്നത വിദ്യാഭ്യാസ പരിസരം വിമലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ദലിത് മത ന്യൂനപക്ഷങ്ങള്‍ അപരവത്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ. സി.ടി) സംസ്ഥാന സമ്മേളനം കോഴിക്കോട് സര്‍വകലാശാല പരിസരത്ത് ആരംഭിച്ചിരിക്കുന്നത്.
(സി.കെ.സി.ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)