X

ബി.ജെ.പിയുടെ ആവനാഴിയില്‍ ‘ഹിന്ദുത്വ’വാദം മാത്രം; ചൂണ്ടിക്കാട്ടാന്‍ നേട്ടങ്ങളൊന്നുമില്ല

യു.പിയില്‍ രണ്ടാമൂഴത്തിന് അവസരം തേടുന്ന യോഗി ആദിത്യനാഥ് കണ്ണുവെക്കുന്നത് ‘ഹിന്ദുത്വ’ വാദത്തില്‍ തന്നെ. അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ വികസന നേട്ടങ്ങളൊന്നും മുന്നില്‍ വെക്കാനില്ലാത്ത സര്‍ക്കാര്‍ 2017ലേതിനു സമാനമായി ഭൂരിപക്ഷ വര്‍ഗീയത പരമാവധി ആളിക്കത്തിച്ച് വോട്ടാക്കി മാറ്റാനുള്ള തന്ത്രമാണ് മെനയുന്നത്.
ആള്‍കൂട്ട പ്രചാരണങ്ങ ള്‍ക്കും റോഡ് ഷോകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിട്ടതിനാല്‍ സാമൂഹ്യ മാധ്യമങ്ങളെ ഇതിന് പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ബി.ജെ.പി. അതേസമയം ബി.ജെ.പിയുടെ ഈ നീക്കത്തെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ നോട്ടം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി യു.പിയില്‍ അധികാരം പിടിച്ചത്.

അഴിമതി, ക്രമസമാധാന പ്രശ്‌നം എന്നിവ ഉയര്‍ത്തിക്കാട്ടി അഖിലേഷ് യാദവിനെതിരെ മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്. പി ഒരുഭാഗത്ത് പട നയിച്ചപ്പോ ള്‍ മറുപക്ഷത്ത് ‘ഹിന്ദുത്വ’യില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. ഫലം വന്നപ്പോള്‍ ബി.ജെ. പി തന്ത്രം വിജയിച്ചു. അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവക്കൊപ്പം ഗോരഖ്പൂരിലെ കൂട്ട ശിശുമരണം, ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല, കോവിഡ് പ്രതിരോധത്തിലെ പാളിച്ച, ഗംഗയില്‍ ഒഴുകി നടന്ന അജ്ഞാത മൃതദേഹങ്ങള്‍ എന്നിവയെല്ലാമാണ് അഞ്ചു വര്‍ഷത്തെ ബാക്കി പത്രം. ലഖിംപൂര്‍ സംഭവം അടക്കം പരമാവധി ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷത്തുള്ള എസ്.പിയും കോണ്‍ഗ്രസും. കര്‍ഷക സമരാനന്തരമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് എ എന്ന നിലയില്‍ ബി.ജെ.പിക്കും തന്നെ മുന്‍നിര്‍ത്തിയുള്ള ആദ്യ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ എന്ന നിലയില്‍ യോഗി ആദിത്യനാഥിനും നിര്‍ണായകമാണ്.
മുസഫര്‍ നഗര്‍ കലാപാനന്തരം ഖൈരാനയില്‍ നിന്നുണ്ടായ ഹിന്ദു കുടുംബങ്ങളുടെ പലായനമായിരുന്നു 2017ല്‍ ബി.ജെ.പി ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്ന്. ഇത്തവണ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.

Test User: