ഡല്‍ഹിയുടെ പുതിയ ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഡോ.ഹര്‍ഷ് വര്‍ധന്‍ ഇറങ്ങിപ്പോയി. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തനിക്ക് പ്രത്യേക ഇരിപ്പിടം സജ്ജമാക്കിയില്ലെന്നു പറഞ്ഞാണ് ഹര്‍ഷ് വര്‍ധന്‍ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹിയിലെ രാജ് നിവാസില്‍ ഇന്നലെ രാവിലെ സംഘടിപ്പിച്ച ചടങ്ങില്‍നിന്ന് ഹര്‍ഷ് വര്‍ധന്‍ രോഷത്തോടെ ഇറങ്ങിപ്പോകുന്നതാണ് വിഡിയോ. എന്താണ് കാര്യമെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ അതിഥികള്‍ക്കായി ക്രമീകരിച്ച ഇരിപ്പിടത്തില്‍ അസ്വസ്ഥനാണെന്നും ഇക്കാര്യം സക്‌സേനയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷ് വര്‍ധന്‍ കഴിഞ്ഞ വര്‍ഷമാണ് രാജിവച്ചത്. അടുത്തിടെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അനില്‍ ബൈജാല്‍ രാജിവച്ചതോടെയാണ് ഡല്‍ഹി ലഫ്. ഗവര്‍ണറായി സക്‌സേനയെ തിരഞ്ഞെടുത്തത്. നേരത്തെ, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ ചെയര്‍മാനായിരുന്നു വി,കെ സക്‌സേന. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഖി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മന്ത്രിസഭാ അംഗങ്ങള്‍, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ഡല്‍ഹിയിലെ എം.പിമാര്‍, എം.എല്‍. എമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡല്‍ഹിയുടെ ഭരണാധികാരം ലഫ്. ഗവര്‍ണര്‍ക്ക് നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി കഴിഞ്ഞ വര്‍ഷമാണ് പ്രാബല്യത്തില്‍ വന്നത്. ഇതിന് പിന്നാലെ ഡല്‍ഹി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള അധികാര വടംവലികള്‍ രൂക്ഷമായിരുന്നു.