ഇന്ത്യയുടെ ഭാവി യുവാക്കളുടെ കൈകളിലാണെന്ന് ശശിതരൂര്‍ എം.പി. രാജ്യത്തെ 65 ശതമാനം പേര്‍ 35 വയസ്സിന് താഴെയുള്ളവരാണ്. അവരിലാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. പെരിന്തല്‍മണ്ണയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു തരൂര്‍.
കേവലം പ്രസ്താവനകള്‍കൊണ്ട് രാജ്യം മുന്നോട്ടുപോകില്ല. വരാനിരിക്കുന്നത് സാമ്പത്തികമാന്ദ്യത്തിന്റേതാണ്. ജി.20യിലും ഷാന്‍ഹായ് സഹകരണ ഒര്‍ഗനൈസേഷനിലും ഇന്ത്യ നേതൃസ്ഥാനത്താണ്. ഇവരെ ഉപയോഗിക്കുന്നതിലൂടെയേ പുരോഗതി പ്രാപിക്കാനാകൂ. ചേരിചേരാ നയമല്ല, ബഹുരാജ്യമെന്നതായിരിക്കണം നമ്മുടെ നയം.
ഹിന്ദിയെ അടിച്ചേല്‍പിക്കാനുള്ള ശ്രമം ഹിന്ദുത്വത്തിന്റെ ഭാഗമാണ്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനതകള്‍ക്കിടയില്‍ ഇത് പ്രായോഗികമല്ല. വിവരശേഖരണത്തിന്റെ കാര്യത്തില്‍ മോദിസര്‍ക്കാര്‍ പിന്തുടരുന്നനയം അപകടകരമാണ്. പൗരന്റെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കൂടി സര്‍ക്കാരിനുണ്ട്.
രാജ്യത്ത് പാര്‍ലമെന്റിലും പുറത്തും പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. ജനായത്തസ്വേച്ഛാധിപത്യമാണിത്. മുമ്പ് വര്‍ഷം 280 ദിവസം പാര്‍ലമെന്റ് സമ്മേളിച്ച സ്ഥാനത്ത് ഇന്ന് 100 ദിവസം മാത്രമാണ്. ഗുജറാത്തില്‍ ഇത് 60 ദിവസവും. നെഹ്രുവിന്റെ കാലത്ത് നവംബറില്‍ തുടങ്ങി ക്രിസ്മസ്‌കാലത്ത് പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നിരുന്നില്ല. ഇന്ന് ഡിസംബറിലാണ് ശീതകാല സമ്മേളനം തുടങ്ങുന്നതുതന്നെ. മുന്നാക്കസംവരണത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ടെന്നും അതാണ് കോടതിവിധിയില്‍ പ്രതിഫലിച്ചതെന്നും തരൂര്‍ പറഞ്ഞു. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എം.പി ,പ്രൊഫ. ഉണ്ണീന്‍, സംഗീത് തുടങ്ങിയവര്‍ സംസാരിച്ചു.