നൂറാം വയസ്സില്‍ മുസ്ലീം ലീഗ് മെമ്പര്‍ഷിപ്പ് പുതുക്കിയതിന്റെ നിര്‍വൃതിയിലാണ് തിരൂരങ്ങാടിയിലെ ചെമ്മാട് നീലിമാവുങ്ങല്‍ ബീരാന്‍കുട്ടി മുസ്ല്യാര്‍. മഹാനായ എം.കെ ഹാജിയടക്കമുളള തിരൂരങ്ങാടിയിലെ പഴയകാല ലീഗ് നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകളില്‍ ഇന്നും പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് കഴിയുകയാണ് അദ്ദേഹം.
രാഷ്ട്രീയവും പാട്ടും ഫുട്‌ബോളുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം വട്ടപ്പാട്ടിലും തബലയിലും ഹാര്‍മോണിയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പ്രാദേശിക ഭാരവാഹികള്‍ക്കൊപ്പം ചെന്ന് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമാണ് അംഗത്വം കൈമാറിയത്.