X

പറന്നു ജിങ്കന്‍ ;ഇന്ത്യന്‍ ഡിഫന്‍ഡര്‍ ഇനി ക്രൊയേഷ്യന്‍ ലീഗില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇനി സന്ദേശ് ജിങ്കന്‍ എന്ന പ്രതിരോധ ഭടനെ കാണില്ല. ക്രൊയേഷ്യക്കാര്‍ അദ്ദേഹത്തെ റാഞ്ചിയിരിക്കുന്നു. ക്രോട്ട് സോക്കര്‍ ലീഗിലെ പരമ്പരാഗത ശക്തികളായ എച്ച്.എന്‍.കെ സിബ്‌നിക്കാണ് ഇന്ത്യന്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നുത്. ഐ.എസ്.എല്ലില്‍ മോഹന്‍ ബഗാന് ഒപ്പമായിരുന്നു ജിങ്കന്‍. ഇവിടെ ചേരുന്നതിന് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സ് സംഘത്തിലായിരുന്നു. ദീര്‍ഘകാലം ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ നായകനുമായിരുന്നു.

1932 ല്‍ സ്ഥാപിതമായതാണ് സിബ്‌നിക്. അവസാന സീസണില്‍ അവര്‍ ഒന്നാം ഡിവിഷന്‍ സംഘമായിരുന്നു. ആറാം സ്ഥാനവും കരസ്ഥമാക്കി. ക്രൊയേഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സിബ്‌നെകിലെ ആസ്ഥാന ക്ലബാണ് എച്ച്.എന്‍.എല്‍. രാജ്യത്തെ ഡാല്‍മേഷന്‍ പ്രവിശ്യയില്‍പ്പെട്ട സിബ്‌നിക്കിലാണ് യൂനസ്‌ക്കോ പൈതൃക പട്ടികയിലുള്ള സെന്റ് ജെയിംസ് കത്തിഡ്രല്‍ സ്ഥിതി ചെയ്യുന്നത്.

വിദേശ ലീഗില്‍ കളിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ സാഹചര്യങ്ങളുമായി പെട്ടെന്ന് താഥാത്മ്യം പ്രാപിച്ച് ക്ലബിന്റെ പ്രതീക്ഷക്കൊപ്പം ഉയരാന്‍ കഴിയുമെന്നും 28 കാരന്‍ പറഞ്ഞു. തന്നെ തെരഞ്ഞെടുത്തത്തില്‍ ടീമിന്റെ ഹെഡ് കോച്ച് മരിയോ റോസാസിന് ഇന്ത്യന്‍ ഡിഫന്‍ഡര്‍ പ്രത്യേകം നന്ദി പറഞ്ഞു. ക്ലബിന്റെ മാനേജ്‌മെന്റും കോച്ചും എന്നിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് പ്രധാനം. അവരുടെ വിശ്വാസം നിലനിര്‍ത്തണം. അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് എന്റെ ശൈലി. ഈ അവസരത്തെ ഭംഗിയായി പ്രയോജനപ്പെടുത്താനാവുമെന്നും ജിങ്കന്‍ പറഞ്ഞു. കോച്ചും സന്തോഷം പ്രകടിപ്പിച്ചു. സന്ദേശിന്റെ കളി കണ്ടിരുന്നുവെന്നും അദ്ദേഹത്തിന് തന്റെ നിലവാരവും ക്ലബിന്റെ നിലവാരവും ഉയര്‍ത്താനുള്ള അവസരമാണ് ഇതെന്നും സ്പാനിഷ് കോച്ച് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഫുട്‌ബോളര്‍മാര്‍ക്ക് മാതൃകയാണ് സന്ദേശ്. അദ്ദേഹത്തിന് മുന്നില്‍ അവസരം വന്നപ്പോള്‍ രണ്ട് കൈകളും നീട്ടി അത് സ്വീകരിച്ചു. മറ്റുള്ള ഇന്ത്യന്‍ താരങ്ങളും ഈ വഴി ചിന്തിക്കണമെന്നും കോച്ച് പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാത്രം കളിച്ചു വളര്‍ന്ന ജിങ്കാന് വളരെ വേഗത്തില്‍ ക്രൊയേഷ്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവുമെന്നാണ് കരുതുന്നതെന്ന് എച്ച്.എന്‍.കെ ക്ലബിന്റെ സി.ഇ.ഒ ഫ്രാന്‍സിസ്‌ക്കോ കര്‍ദോന പറഞ്ഞു.

ചണ്ഡിഗറിലെ സെന്റ് സ്റ്റീഫന്‍സ് ഫുട്‌ബോള്‍ അക്കാദമിയിലുടെയാണ് ജിങ്കന്‍ വളര്‍ന്നത്. 2011 ല്‍ യുനൈറ്റഡ് സിക്കിമിന്റെ താരമായി. 2014 ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലഗ് ഫുട്‌ബോളിന്റെ ആദ്യ പതിപ്പില്‍ നടത്തിയ ഗംഭീര പ്രകടനത്തോടെയാണ് ജിങ്കാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഐ.എസ്.എല്‍ ആദ്യ പതിപ്പില്‍ അദ്ദേഹം ഏറ്റവും മികച്ച യുവതാരമായിരുന്നു.

ഐ.എസ്.എല്‍ മികവില്‍ തന്നെയാണ് അദ്ദേഹം ദേശീയ ടീമിലെത്തിയത്. 2018 ലെ റഷ്യന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നേപ്പാളിനെതിരെ കളിച്ച് 2015 ലായിരുന്നു സീനിയര്‍ ടീമിലെത്തിയത്. പിന്നെ അദ്ദേഹം തിരിഞ്ഞ് നോക്കിയിട്ടില്ല. ഇന്ത്യന്‍ പ്രതിരോധമെന്നാല്‍ അത് ജിങ്കാനായി മാറി. ആറ് വര്‍ഷം അദ്ദേഹം ബ്ലാസ്‌റ്റേഴ്‌സിലായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും കിരീടം സ്വന്തമാക്കാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് രണ്ട് തവണ ഐ.എസ്.എല്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. 2020 ലാണ് അദ്ദേഹം കൊച്ചി വിട്ട് കൊല്‍ക്കത്തയിലെത്തിയത്.

 

Test User: