61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് മുതല്‍ ഏഴാം തീയ്യതി വരെ 24 വേദികളിലായി നടക്കും. ഇന്ന് രാവിലെ 8.30-ന് വേദി 1 – ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് ( അതിരാണിപ്പാടം)പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ദൃശ്യവിസ്മയം കലാപരിപാടി അരങ്ങേറും. വടക്കേ മലബാര്‍ ആതിഥ്യമരുളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യാതിഥികളായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി . പി എ മുഹമ്മദ് റിയാസ്, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഡോ. ബീന ഫിലിപ്പ് എം. ( മേയര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഒന്നാം വേദിയില്‍ ഹൈസ്‌കുള്‍ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടത്തോടെ അഞ്ചുനാള്‍ നീളുന്ന കലോത്സവത്തിന് അരങ്ങുണരും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 സ്‌കൂളുകളിലെ 14,000 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും.
മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. കുട്ടികള്‍ക്ക് 20 സ്‌കൂളുകളിലായാണ് താമസസൗകര്യം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണപ്പന്തല്‍. ഹരിതചട്ടം പാലിക്കും.