X

സഊദിയിലേക്കുള്ള മടക്ക യാത്ര; വിമാന കമ്പനികള്‍ക്ക് ഗാക്ക സര്‍ക്കുലര്‍

റിയാദ് : സഊദി ആഭ്യന്തര വിദേശ കാര്യ മന്ത്രാലയങ്ങള്‍ ഇന്നലെ പ്രഖ്യാപിച്ച പ്രകാരം നേരത്തെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്കുള്ള പ്രവാസികളുടെ മടക്ക യാത്രക്ക് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക) സര്‍ക്കുലര്‍ പുറത്തിറക്കി. സഊദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് വിദേശങ്ങളിലേക്ക് പോയ വിദേശികളെ നേരിട്ടുള്ള സര്‍വീസില്‍ തിരിച്ചു കൊണ്ട് വരാനുള്ള അനുമതിയാണ് ഗാക്ക വിമാന കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഊദിയുടെ യാത്ര വിലക്ക് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തേക്ക് വരാനുള്ള അനുമതി നല്‍കുന്നത്.

സഊദിയില്‍ നിന്ന് വാക്‌സിന്‍ ഇരു ഡോസുമെടുത്ത് തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ ആയി നാട്ടില്‍ പോയവര്‍ക്ക് മൂന്നാമത് മറ്റൊരു രാജ്യത്ത് ക്വാറന്റൈനില്‍ കഴിയാതെ നേരിട്ട് സഊദിയിലേക്ക് മടങ്ങി വരാമെന്നാണ് ഇന്നലെ മന്ത്രാലയങ്ങളും ഇന്ത്യന്‍ എംബസിയും വ്യക്തമാക്കിയിരുന്നത്.

ഇതോടെ യാത്രക്കുള്ള ബുക്കിങ് സ്വീകരിക്കാന്‍ വിമാന കമ്പനികള്‍ നീക്കം തുടങ്ങി. നിലവില്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് സര്‍വീസുകളില്‍ സഊദിയില്‍ നിന്ന് രണ്ട് ഡോസും എടുത്തവര്‍ക്ക് യാത്ര ചെയ്ത് സഊദിയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ സാധിക്കും. കൂടാതെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും ഇത്തരം യാത്രക്കാര്‍ക്ക് രാജ്യത്ത് എത്താന്‍ സാധിക്കും. ഈ സര്‍വീസുകള്‍ എന്ന് മുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ സര്‍കുലറില്‍ വ്യക്തമാക്കിയിട്ടില്ല.

Test User: