X

സമൂഹത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അബ്ദുള്ളക്കുട്ടിക്കെതിരെ യൂത്ത് ലീഗ് പരാതി

തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തീവ്രവാദിയാക്കിയ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്്ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പോലീസില്‍ പരാതി നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖാണ് പരാതി നല്‍കിയത്.

ധീരദേശാഭിമാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദികളോട് ഉപമിച്ച് അബ്ദുള്ളകുട്ടി നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി രക്തസാക്ഷിത്വം വഹിച്ച സ്വാതന്ത്ര്യ സമര സേനാനിയായ അദ്ധേഹത്തെ വര്‍ഗ്ഗീയവാദിയും തീവ്രവാദിയും ആക്കുന്നതിലൂടെ ഒരു സമൂഹത്തെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തിരിക്കുന്നത്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരുമെല്ലാം തിരൂരങ്ങാടി സിരാകേന്ദ്രമായി 1921ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആരംഭിച്ച മാപ്പിള സമരത്തിന്റെ നായകരായിരുന്നു. അതോടപ്പം അവര്‍ ഒരു സമുദായത്തിന്റെ പണ്ഡിതരും നേതാക്കളുമാണ് അതിലുപരി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുമാണ്. അത്തരത്തിലുള്ളവരെ തീവ്രവാദികളാക്കി പ്രസ്താവന ഇറക്കിയത് രാജ്യദ്രോഹകുറ്റമാണ്.മാത്രവുമല്ല സമുദായ നേതാക്കള്‍ കൂടിയായ ഇവര്‍ക്കെതിരെ ഇങ്ങനെ പ്രസ്താവന ഇറക്കുക വഴി സമൂഹത്തിനിടയില്‍ ഭിന്നത സൃഷ്ടിച്ച് വര്‍ഗ്ഗീയ കലാപത്തിനും സാമുദായിക ധ്രുവീകരണത്തിനുമാണ് അബ്ദുള്ളക്കുട്ടി ശ്രമിച്ചത്. വിഷയം ഗൗരവകരമാണ്. സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്നതിനും സ്വാതന്ത്ര്യ സമര സേനാനികളെ തീവ്ര വാദിയാക്കുന്നതിനും ശ്രമിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നാണ് യൂത്ത്‌ലീഗ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

ഇന്നലെ രാവിലെ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയതെന്ന് റസാഖ് പറഞ്ഞു.

Test User: