തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാരിന്റെ നവകേരളം ധൂര്‍ത്ത്. കോടികള്‍ പൊടിക്കുന്ന പരമ്പരകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടിന്റെ ധൂര്‍ത്തിനൊപ്പം സ്‌പോണ്‍സര്‍മാരെ പിഴിയാനും നിര്‍ദ്ദേശമുണ്ട്.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. മന്ത്രിമാരുടെ മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കണം. കൂപ്പണ്‍ വച്ചോ രസീത് നല്‍കിയോ പണപ്പിരിവ് പാടില്ല. സ്‌പോണ്‍സര്‍മാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയില്‍ എ.സി വേണം. യാത്രക്ക് കെ.എസ്ആര്‍.ടി.സിയുടെ പ്രത്യേക കോച്ചുകള്‍ വേണം. അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും ഒരുക്കണം. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേര്‍ വേണം. ജനസദസ്സുകളില്‍ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണം എന്നിങ്ങനെ പോകുന്നു മാര്‍ഗ നിര്‍ദേശങ്ങള്‍.
പരിപാടിയുടെ പ്രചാരണം മുതല്‍ പര്യടനസംഘത്തിന്റെ ആഹാരവും താമസവും ഉള്‍പ്പെടെയുള്ള ചെലവെല്ലാം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് നിര്‍ദേശം. ഗ്രൗണ്ട് മുതല്‍ മൈക്ക്‌സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു. പരിപാടിക്കായി 27.12 കോടി രൂപ അനുവദിച്ച് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്താണ് കേരളീയം പരിപാടി.