ലോകംകണ്ട നരാധമന്‍ അഡോള്‍ഫ്ഹിറ്റ്‌ലറുടെ പര്യായമായിരുന്നു അടുത്തകാലംവരെ ജര്‍മനി. ചാന്‍സലറാണ് രാജ്യത്തിന്റെ പരമോന്നതപദവി അലങ്കരിക്കുന്നത്. ആ പദവിയിലേക്ക് പുതിയമുഖം അവരോധിക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍- സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായ ഒലാഫ് ഷോള്‍സ്. നീണ്ട നാലുഘട്ടമായി 16വര്‍ഷത്തെ ചാന്‍സലര്‍ പദവിയില്‍നിന്ന് അംഗല മാര്‍ക്കല്‍ എന്ന ഉരുക്കുവനിത പടിയിറങ്ങുമ്പോള്‍ പുതിയ ദൗത്യവുമായെത്തുന്ന ഷോള്‍സിനെ ലോകം കൗതുകപൂര്‍വം നോക്കുന്നതില്‍ അത്ഭുതമില്ല. ഹിറ്റ്‌ലറുടെ വംശീയഭൂതകാലം പഴങ്കഥയാണെങ്കിലും ലോകത്ത് പലയിടത്തും പലരൂപങ്ങളിലായി ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിന്റെ നാസിസവും ഫാസിസവും നടപ്പാക്കാന്‍വീണ്ടും പലരും ശ്രമിച്ചുവരുന്നുണ്ടെന്നത് സത്യമാണ്. സ്വന്തംരാജ്യത്തിന്റെ പഴയകാല അപഖ്യാതി മാറ്റിയെടുത്ത സൗമ്യതയുടെയും മിതവാദത്തിന്റെയും സഹവാസത്തിന്റെയും മുഖമായിരുന്നു വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞ ആംഗല മെര്‍ക്കല്‍ എന്ന ജര്‍മന്‍കാരുടെ മുട്ടിക്ക്(അമ്മച്ചി). ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്പാര്‍ട്ടിയുടെ പ്രതിനിധിയായി 2005ല്‍ ചാന്‍സലറായി അധികാരത്തിലെത്തിയ മെര്‍ക്കലിന് തിരിഞ്ഞുനോക്കേണ്ടിവന്നത് നീണ്ട ഒന്നരപതിറ്റാണ്ടിനുശേഷമാണ്. ഷോള്‍സാകട്ടെ മെര്‍ക്കലിന്റെ മന്ത്രിസഭയില്‍ വൈസ്ചാന്‍സലറും ധനകാര്യമന്ത്രിയുമായിരുന്നു. 2018ലെ നാലാംഘട്ട പൊതുതിരഞ്ഞെടുപ്പിലാണ് ഷോള്‍സ് മെര്‍ക്കലിനോടൊപ്പം മുന്നണിഭരണത്തില്‍ പങ്കാളിയായത്. സിറിയയിലും തുര്‍ക്കിയിലുംനിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം, ബ്രെക്‌സിറ്റ്, യൂറോസോണ്‍,കോവിഡ് തുടങ്ങിയ പ്രതിസന്ധികളെയൊക്കെ തന്റേടത്തോടെയും സഹകരണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഭാഷയില്‍ നേരിട്ട് വിജയിച്ചതായിരുന്നു മെര്‍ക്കലിന്റെ രീതിയെങ്കില്‍ ഒലാഫ് ഷോള്‍സ് ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ ്‌യൂറോപ്പും ലോകജനതയും ഉറ്റുനോക്കുന്നത്.
303നെതിരെ 395 വോട്ടുമായാണ് ഷോള്‍സ് ചാന്‍സലര്‍ പദവിയിലെത്തിയിരിക്കുന്നതെന്നത് ഇദ്ദേഹത്തിന് വെല്ലുവിളിതന്നെയാണ്. പശ്ചിമജര്‍മനിയില്‍ ജനിച്ച് നിയമബിരുദംനേടി തൊഴില്‍, ട്രേഡ്‌യൂണിയന്‍കാര്യങ്ങളില്‍ പ്രാവീണ്യമുള്ള വക്കീലായാണ് ഷോള്‍സ് അറിയപ്പെടുന്നത്. 2018വരെ ഏഴുവര്‍ഷം ഹംബര്‍ഗ് പ്രഥമനഗരമേയറായിരുന്നു ഈ 63കാരന്‍. മെര്‍ക്കലിന്റെ 2007ലെ സര്‍ക്കാരിലും മന്ത്രിപദവി വഹിച്ചിട്ടുണ്ട്. ഗ്രീന്‍പാര്‍ട്ടിയുടെയും ഫ്രീഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് സെപ്തംബറിലെ തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഷോള്‍സും സംഘവും പരാജയപ്പെടുത്തിയത്. ഹംബര്‍ഗിന്റെ പ്രഥമമേയറെന്ന നിലയിലുള്ള ഭരണപരിചയമാണ് ഷോള്‍സിനെ ജര്‍മനിയുടെ പുതിയചാന്‍സലര്‍പദവിയില്‍ ശ്രദ്ധേയനാക്കുന്നത്. യാഥാസ്ഥിതിക പാര്‍ട്ടിയാണെങ്കിലും മെര്‍ക്കല്‍ കാട്ടിയ പുരോമനപരമായ പലഭരണനടപടികളും ഷോള്‍സിനും എസ്.ഡി.പിക്കും മറ്റും വലിയ വെല്ലുവിളിയായി അവശേഷിക്കുമെന്ന തീര്‍ച്ച. അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളോടുള്ള അഭയാര്‍ത്ഥിപ്രവാഹത്തോടടക്കമുള്ള നയം ഷോള്‍സിന് പുതുതായി പ്രഖ്യാപിക്കേണ്ടിവരും. പത്തുലക്ഷത്തോളം അഭയാര്‍ഥികളാണ് അടുത്തകാലത്തായി ജര്‍മനിയിലേക്കൊഴുകിയെത്തിയത്. ഇവരുടെ പുനരധിവാസത്തെയും അവകാശാനുകൂല്യങ്ങളൊക്കെപറ്റിയൊക്കെ വലിയ വാദകോലാഹലങ്ങള്‍ ചില വംശീയവാദികളടക്കം ഉയര്‍ത്തുന്നുണ്ട്. യൂറോപ്യന്‍യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ ഒഴിഞ്ഞുപോക്കും നിലവിലുള്ള രാജ്യങ്ങളുടെ തുടര്‍ച്ചയും ഷോള്‍സിന് പരിഹാരംകാണേണ്ട വിഷയമാണ്. തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരാന്‍ മുട്ടിക്കായെങ്കിലും ഷോള്‍സിന് അത് പിടിച്ചുനിര്‍ത്താനും കോവിഡാനന്തരജര്‍മനിയുടെ സാമ്പത്തികോന്നതി നിലനിര്‍ത്താനും കഴിയണം.
ഡിസംബര്‍ എട്ടിന് ബുധനാഴ്ച ജര്‍മന്‍പാര്‍ലമെന്റായ ബുന്‍ഡെസ്റ്റാഗില്‍ ചാന്‍സലറായി ചുമതലയേറ്റ ഷോള്‍സിന് മൂന്നുവര്‍ഷത്തെ അധികാരമാണുള്ളത്. 1998ല്‍തന്നെ പാര്‍ലമെന്റായെങ്കിലും നീണ്ട 23 വര്‍ഷത്തിന് ശേഷമാണ് രാജ്യത്തിന്റെ ഉന്നതപദവിയിലെത്താനായത്. 2002 മുതല്‍ 2011 വരെയും പിന്നീട് 2018 മുതല്‍ക്കും സഭാംഗമായി. വസ്ത്രനിര്‍മാണശാലയിലെ ജീവനക്കാരായ മാതാപിതാക്കളുടെ സന്താമെന്ന നിലയില്‍ മെര്‍ക്കലിനെപോലെ ലളിതജീവിതം നയിക്കുന്നയാളാണ് ഷോള്‍സും. പ്രതിപക്ഷം വലുതായൊന്നും ക്ഷയിച്ചിട്ടില്ലെന്ന് വ്യക്തം. ചൈനയുമായി വ്യാപാരബന്ധം ശക്തമാക്കണമെന്ന അഭിപ്രായക്കാരനായ ഷോള്‍സ് അതേസമയം അമേരിക്കയെ പിണക്കാന്‍ ഒരുമ്പെടില്ല. 2045ഓടെ കാര്‍ബണ്‍മുക്തരാജ്യമായി ജര്‍മനിയെ മാറ്റുമെന്ന മുന്‍ഗാമിയുടെ ഉറപ്പും ഷോള്‍സിന് വെല്ലുവിളിയാണ്. ബ്രിട്ട ഏണസ്റ്റാണ് ഭാര്യ.