X

മുസ്‌ലിം യൂത്ത് ലീഗ് യുവോത്സവം; സെപ്തംബര്‍ 29ന് തുടക്കം

കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിനിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവോത്സവം പരിപാടി സപ്തംബര്‍ 29 ന് (വെള്ളിയാഴ്ച) കോട്ടക്കലില്‍ തുടക്കമാകും. വേര്‍ഡ് കപ്പ് ക്രിക്കറ്റിന്റെ ആരവത്തില്‍ സേ നോ ടു ഡ്രഗ്‌സ് എന്ന സന്ദേശത്തില്‍ ക്രിക്കറ്റ് മത്സരം ആണ് യുവോത്സവത്തിന്റെ ഭാഗമായി മണ്ഡലം തലത്തില്‍ സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 29ന് വൈകീട്ട് 6മണിക്ക് മലപ്പുറം കോട്ടക്കല്‍ വെച്ച് സംസ്ഥാന ഭാരവാഹികള്‍ അണിനിരക്കുന്ന ടീമും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ടീമും തമ്മിലുള്ള പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തോടെ യുവോത്സവത്തിന് തുടക്കമാവും. ക്രിക്കറ്റ് മത്സരം മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ സംബന്ധിക്കും.

നിയോജക മണ്ഡലം തലത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംസ്ഥാനതല ഉത്ഘാടനം ഒക്ടോബര്‍ 1ന് ഞായറാഴ്ച്ച കോഴിക്കോട് വെച്ച് നടക്കും. എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്ത് / മുന്‍സിപ്പല്‍/ മേഖലാ ടീമുകള്‍ തമ്മിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്‍ വിജയത്തിനായി മണ്ഡലം – ജില്ലാ തലത്തില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാനാണ് യുവോത്സവത്തിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍. ജനുവരിയില്‍ കോഴിക്കോട് നടക്കുന്ന മഹാറാലിയോട് കൂടിയാണ് ക്യാമ്പയിന്‍ സമാപിക്കുന്നത്. യുവോത്സവത്തിന്റെ വിജയത്തിനായി എല്ലാ ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സിക്രട്ടറി പി.കെ ഫിറോസും അഭ്യര്‍ത്ഥിച്ചു.

webdesk11: