കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി..കെ ഫിറോസും അറിയിച്ചു. മുസ്‌ലിം ലീഗ് ദേശിയ, സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
കോഴിക്കോട് ബീച്ച് റോഡില്‍ ടാഗോര്‍ സെന്റിനറി ഹാളിന് എതിര്‍ വശത്ത് സംസ്ഥാന കമ്മറ്റി വാങ്ങിയ പത്തര സെന്റ് സ്ഥലത്താണ് പന്ത്രണ്ടായിരം സ്‌ക്വയര്‍ ഫീറ്റില്‍ അധുനിക സൗകര്യങ്ങളോടെ നാല് നില കെട്ടിടം പണി പൂര്‍ത്തിയായി വരുന്നത്. റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, സ്മാര്‍ട്ട് ട്രെയിനിംഗ് സെന്റര്‍, ലൈബ്രറി, ഓഡിറ്റോറിയം, മീഡിയ റൂം തുങ്ങി യുവജന ശാക്തീകരണത്തിന് ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഓഫീസില്‍ സജ്ജമാണെന്ന് നേതാക്കള്‍ അറിയിച്ചു. 2019 സെപ്തംബര്‍ 5 ആണ് ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നത്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രം
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്ഘാടന സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ പരിപാടി സ്ഥലത്തേക്ക് പ്രവേശനമുണ്ടാവുകയുള്ളൂയെന്നും നേതാക്കളും, പ്രവര്‍ത്തകരും, അനുഭാവികളും പൊതുജനങ്ങളും ഇതുമായി സഹകരിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭ്യര്‍ത്ഥിച്ചു. മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികള്‍, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികള്‍, സംസ്ഥാന കമ്മറ്റി അംഗങ്ങള്‍, മുസ്‌ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, മുസ്‌ലിം ലീഗ് എം.പി മാര്‍, എം.എല്‍.എമാര്‍, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ല ഭാരവാഹികള്‍, മുസ്‌ലിം ലീഗ് പോഷക സംഘടന സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല ഭാരവാഹികള്‍, വിവിധ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, വിവിധ പത്ര ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരാണ് ക്ഷണിക്കപ്പെട്ട അതിഥികള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ഉദ്ഘാടന ചടങ്ങുകള്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. പരിപാടി ലൈവ് ആയി വീക്ഷിക്കണമെന്നും ലൈവ് ലിങ്ക് ഷെയര്‍ ചെയ്ത് ഉദ്ഘാടന പരിപാടിക്ക് പ്രചാരണം കൊടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടനത്തിന് ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓഫീസ് സന്ദര്‍ശനത്തിനായി നേതാക്കള്‍ ക്ഷണിച്ചു.