ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നി 4 സിപിഎം പ്രവര്‍ത്തകരെയാണ് കുന്നത്തുനാട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. നേരത്തെ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തത്.
ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ദീപുവിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കും. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം പോസ്റ്റ് മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. മൃതദേഹം വൈകീട്ട് മൂന്ന് മണിക്ക് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നഗറില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് 5.30 യോടെ കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.
മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തകന്‍ ദീപു ഇന്നലെയാണ് മരണപ്പെട്ടത്. 37 വയസായിരുന്നു. പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ തടയുന്നു എന്ന് ഉന്നയിച്ചുകൊണ്ട് ട്വന്റി ട്വന്റി രംഗത്തെതിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന വിളക്കണയ്ക്കല്‍ സമരത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിന് മര്‍ദ്ദിക്കുകയായിരുന്നു. വീടിന് മുന്നില്‍ നിന്നാണ് ദീപുവിനെ മര്‍ദ്ദിച്ചത്.