X

പി.ശാദുലിയുടെയും എ.യൂനുസ് കുഞ്ഞിന്റെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി എം.പി അബ്ദുസ്സമദ് സമദാനി

ന്യൂ ഡല്‍ഹി: മുസ്‌ലിം ലീഗ് നേതാക്കളായ പി.ശാദുലിയുടെയും എ.യൂനുസ് കുഞ്ഞിന്റെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ. അബ്ദുസ്സമദ് സമദാനി എം.പി. വേര്‍പാട് ഏറെ ദു:ഖകരമാണ്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സാമൂഹികവും സാമുദായികവുമായ വിവിധ മേഖലകളില്‍ അന്ത്യം വരെയും സജീവമായിരുന്നു രണ്ടുപേരെന്നും , സമദാനി പറഞ്ഞു. വിദ്യാര്‍ത്ഥിജീവിതകാലത്ത് തന്നെ പൊതുരംഗത്തേക്ക് വന്ന പി.ശാദുലി സാഹിബ് നദാപുരം നാടിന്റെ മികവുറ്റ സംഭാവനയാണ്. എഴുത്തും പ്രസംഗവും സംഘാടനവുമെല്ലാം അദ്ദേഹത്തിന്റെ ജീവിത ഭാവങ്ങളായി ശോഭിക്കുകയുണ്ടായി. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക, സാംസ്‌കാരിക സംരംഭങ്ങളിലും അദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചവെന്നും സമദാനി പറഞ്ഞു.

എ.യൂനുസ് കുഞ്ഞ് സാഹിബിന്റെ വേര്‍പാട് ഏറെ ദു:ഖകരമാണ്.  സാഹിബിന്റെ വിയോഗം ആ രംഗങ്ങളില്‍ ശൂന്യതയും നഷ്ടവും സൃഷ്ടിക്കും. ദക്ഷിണ കേരളത്തിന്റെ സമുന്നതരായ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനായിരുന്ന യൂനുസ് കുഞ്ഞ് സാഹിബ് ഒട്ടേറെ സാമൂഹിക സേവന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചെറുപ്പം മുതലേ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്തും സേവനങ്ങള്‍ അര്‍പ്പിക്കുകയുണ്ടായി. ദക്ഷിണ കേരളത്തിലെ മഹല്ലുകളുടെ ക്ഷേമത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും അദ്ദേഹം സജീവമായിരുന്നു. സമുദായ മൈത്രി കാത്തു സൂക്ഷിക്കുന്നതിനും സാമൂഹിക സമാധാനം ഉറപ്പ് വരുത്തുന്നതിനും വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടു, സമദാനി പറഞ്ഞു.

കൊല്ലം ജില്ലയുടെയും നഗരത്തിന്റെയും എല്ലാമെല്ലാമായിരുന്ന യൂനുസ് കുഞ്ഞ് സാഹിബ് അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊല്ലത്തുകാരനായിരുന്നു. കൊല്ലത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചിത്രങ്ങള്‍ അദ്ദേഹത്തെ കൂടാതെ പൂര്‍ണ്ണമാകുമായിരുന്നില്ല. തന്റെ പ്രദേശത്തിന്റെ യഥാര്‍ത്ഥ സന്തതിയായിരുന്ന അദ്ദേഹം അവിടത്തെ നേതാവുമായിത്തീര്‍ന്നു. വ്യക്തിബന്ധങ്ങളില്‍ സൗഹൃദം പടര്‍ത്തിയ അദ്ദേഹത്തിന്റെ സാമിപ്യ സമ്പര്‍ക്കങ്ങള്‍ ഹൃദ്യമായാരുന്നെന്നും സമദാനി വ്യക്തമാക്കി. ഒരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി കൊല്ലത്ത് പോയപ്പോള്‍ അവിടെ താമസിച്ച് കാലത്ത് കൊല്ലം കടപ്പുറത്ത് അദ്ദേഹത്തോടൊപ്പം ഓടിയത് മറക്കാനാവാത്ത അനുഭവമാണ്. നിയമസഭാംഗം എന്ന നിലയിലും സഭയിലും മണ്ഡലത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു യൂനുസ് കുഞ്ഞ് സാഹിബ് എന്നും സമദാനി പറഞ്ഞു.

Test User: