ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 3 ലക്ഷം കേസുകള്‍ കടന്നു.എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 419 മരണം കൂടി ഔദ്യോഗിക കണക്കില്‍ ചേര്‍ത്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനം.
ഇതുവരെ 9287 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 17 ലക്ഷം പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണം കുറവാണ്. രണ്ടാം തരംഗ കാലത്തുണ്ടായത് പോലുള്ള ബുദ്ധിമുട്ട് ആശുപത്രികളില്‍ ഉണ്ടായിട്ടില്ല. ചില സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗത്തില്‍ 10 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ രാജ്യത്തെ കോവിഡ് മരണക്കണക്ക് സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. സര്‍ക്കാറുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കണക്കുകളാണ് ഈ സൂചനയുള്ളത്. സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള കോവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയര്‍ന്ന മരണനിരക്കിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഗുജറാത്തും തെലങ്കാനയും സമര്‍പ്പിച്ച കണക്ക് വച്ച് ഇവിടെ ഏഴ് മുതല്‍ ഒമ്പത് മടങ്ങ് വരെ കൂടുതലാണ്. ഔദ്യോഗിക കണക്കും പിന്നീട് വന്നിരിക്കുന്ന അപേക്ഷകളും വച്ച് നോക്കുമ്പോള്‍ എറ്റവും വലിയ വ്യത്യാസം മഹാരാഷ്ട്രയിലാണ്.