യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിലുള്ള അലംഭാവവും യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിനിടെ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ മോദിക്ക് ജയ് വിളിക്കാത്ത വീഡിയോ വൈറലായി. ഭാരത് മാതാ കി ജയ് വിളിക്കുമ്പോള്‍ ഏറ്റു വിളിക്കുകയും, മോദിക്ക് ജയ് വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുള്ളത്. ഓപ്പറേഷന്‍ ഗംഗ എന്ന പേരിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെയടക്കമുള്ളവരെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുന്നത്. എന്നാല്‍ വേണ്ടത്ര ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇപ്പോഴും അതിര്‍ത്തികളില്‍ വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെടുകയാണ്. അതിനിടെയാണ് മോദിയുടെ പി.ആറിന് വേണ്ടിയുള്ള പോപ്പുലാരിറ്റി സ്റ്റണ്ട്.
ഡല്‍ഹിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് നേരെ നീട്ടിയ പൂക്കള്‍ നിരസിച്ച വാര്‍ത്ത നേരത്തെ വന്നിരുന്നു. സ്വന്തം റിസ്‌കില്‍ വളരെ പ്രയാസപ്പെട്ടാണ് പലരും അതിര്‍ത്തികളില്‍ എത്തിയത്. നേരത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോയും ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സിന്ധ്യയോട് റൊമാനിയന്‍ മേയര്‍ കയര്‍ക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനേക്കാള്‍ പി.ആര്‍ വര്‍ക്കിനാണ് സര്‍ക്കാറിന് ശ്രദ്ധ എന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്.