മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിറക്കി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാനും ലോകയുക്ത തീരുമാനിച്ചു. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെ 14 പേരെ പ്രതികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകായുക്തയുടെ ഉത്തരവ്.
550 രൂപയ്ക്ക് മാര്‍ക്കറ്റില്‍ പി.പി.ഇ കിറ്റ് ലഭ്യമായിരുന്ന സമയത്ത് സാന്‍ ഫര്‍മാ എന്ന മഹാരാഷ്ട്ര ആസ്ഥാനമായ സ്ഥാപനത്തില്‍ നിന്നും 1550 രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതും, M/S Agrata avon exim എന്ന സ്ഥാപനത്തില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ ഗ്ലൗസ് ഇറക്കുമതി ചെയ്തതും മാര്‍ക്കറ്റ് വിലയേക്കാള്‍ മൂന്നിരട്ടി നിരക്കില്‍ തെര്‍മോമീറ്റര്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള അഴിമതികളെ കുറിച്ച് അന്വേഷിക്കമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ്. നായര്‍ നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ തീരുമാനമുണ്ടായത്.
യു.ഡി.എഫ് നിര്‍ദ്ദേശം അനുസരിച്ചാണ് വീണ ഹര്‍ജി നല്‍കിയത്. അഭിഭാഷകരായ അനൂപ് വി നായര്‍, അനന്ദകൃഷ്ണന്‍, ദേവി പദ്മ എന്നിവര്‍ പരാതിക്കാരിക്ക് വേണ്ടി ഹാജരായി. കോണ്‍ഗ്രസും യു.ഡി.എഫും ഉന്നയിച്ച ആരോപണം ശെരി വയ്ക്കുന്നതാണ് ലോകയുക്തയുടെ നിലവിലെ നടപടി.