സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെന്നും പ്രഖ്യാപിച്ചെന്നും പറയുകയും പിന്നീട് മതിലെഴുതുകയും അത് മായ്ക്കുകയും ചെയ്ത സംഭവങ്ങള്‍ വരെയുണ്ടായിയെന്നും ഇതിനു കാരണം എറണാകുളം ജില്ലയിലെ സി.പി.എമ്മിനുള്ളിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാധ്യമം പോലും തയാറായില്ല. കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഒരു മണിക്കൂര്‍ വൈകിയാല്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കലാപം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട് അത്തരമൊരു വാര്‍ത്ത ഒരു തരത്തിലും വന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സി.പി.എം സ്ഥാനാര്‍ഥി സസ്‌പെന്‍സില്‍ എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുകാരെ കുറിച്ചാണെങ്കില്‍ നിങ്ങള്‍ അങ്ങനെ വാര്‍ത്ത കൊടുക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെയാണ് മാധ്യമങ്ങള്‍. അവിടെ നിന്ന് വീണു കിട്ടുന്ന എന്തെങ്കിലും പെരുപ്പിച്ച് വാര്‍ത്തയാക്കുകയാണ്. എല്ലാദിവസവും തോപ്പുംപടിയിലെ ഒരു വീട്ടില്‍ച്ചെന്ന് ഒരാളോട് അഭിപ്രായം ചോദിച്ച് വാര്‍ത്തയുണ്ടാക്കുകയാണ്. കോണ്‍ഗ്രസില്‍ ആകെ പ്രശ്‌നങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ രണ്ടു വിഭാഗം ആളുകള്‍ തമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം തര്‍ക്കത്തിലാണെന്ന് ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ മാധ്യമങ്ങള്‍ക്കും അറിയാം. എന്നിട്ട് നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഇത് റിപ്പോര്‍ട്ട് ചെയ്‌തോ? ഈ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ടെലികാസ്റ്റ് ചെയ്താലും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല. പക്ഷെ രണ്ടു നീതിയാണ് നിങ്ങള്‍ എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും കാട്ടുന്നതെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.
മിനിയാന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും ഇന്ന് യു.ഡി.എഫിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്ത് ആഘോഷമാക്കിയേനെ. ഈ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും മുന്‍വിധിയോട് കൂടിയുള്ള സമീപനം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. കിട്ടുന്ന എല്ലാ അവസരങ്ങളിലും നിങ്ങള്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണെന്നും ഇനി അത് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അത് ശരിയല്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കും തുറന്ന് പറയേണ്ടിവരും. മുഖ്യമന്ത്രി സംസാരിക്കുന്ന ഭാഷയില്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നവരല്ല യു.ഡി.എഫ് നേതാക്കള്‍. എപ്പോള്‍ വന്ന് ഏത് കാര്യത്തെ കുറിച്ച് ചോദിച്ചാലും ഒരു മടിയും കൂടാതെ മറുപടി നല്‍കുന്നത് ഞങ്ങളുടെ ദൗര്‍ബല്യമായി എടുക്കരുതെന്ന് വിഡി സതീശന്‍ ഓര്‍മിപ്പിച്ചു.