X

ഓര്‍മയില്‍ മരക്കാന, ഫത്തോര്‍ഡ മരക്കാനയാവാതിരിക്കട്ടെ- കമാല്‍ വരദൂര്‍

കമാല്‍ വരദൂര്‍

ബ്രസീല്‍ ആതിഥേയത്വം വഹിച്ച 2014 ലെ ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ സാവോപോളോയിലെത്തിയപ്പോള്‍ ആദ്യ നാള്‍ പരിചയപ്പെട്ടത് പൗലിസ്റ്റ അവന്യുവിലെ 21-ാം സ്ട്രീറ്റിലെ കരിസോ മസോകകെ എന്ന പുസ്തക വില്‍പ്പനക്കാരനെയായിരുന്നു. 1950 ലെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ആവേശത്തോടെ സാവോപോളോയില്‍ നിന്നും റിയോയിലേക്ക് പോയ പിതാവ് ഉബാതേ മസോക്കെ സ്വന്തം ടീം തോറ്റതില്‍ ഹൃദയം തകര്‍ന്നു മരിച്ച കഥ ആ മകന്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണും നിറഞ്ഞിരുന്നു. (ബ്രസീല്‍ ഒബ്രിഗാഥോ എന്ന പുസ്തകത്തില്‍ ഈ കഥ വിവരിക്കുന്നുണ്ട്.) മരക്കാനയിലെ ആ ഫൈനലായിരുന്നു ഏറ്റവുമധികം കാണികള്‍ നേരിട്ട് ആസ്വദിച്ച ഫുട്‌ബോള്‍ മല്‍സരം. അന്ന് ഔദ്യോഗിക കണക്ക് പ്രകാരം മരക്കാനയില്‍ എത്തിയത് 173, 850 പേരായിരുന്നു. ഇത് ഔദ്യോഗിക കണക്കാണ്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തിലധികം പേരായിരുന്നു ഒരു ലക്ഷത്തിന് മാത്രം ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തിലെത്തിയത്. സീറ്റ് ലഭിക്കാത്തവര്‍ ടച്ച്് ലൈന്‍ വരെ നിരന്നിരുന്നു. സ്വന്തം ടീം ലോകകപ്പ് സ്വന്തമാക്കുന്നത് നേരില്‍ കാണാന്‍ കൊതിച്ചവരെ തകര്‍ത്ത് യുറഗ്വായ് 2-1 ന് ജയിച്ച കാഴ്ച്ചയില്‍ മനം നൊന്ത് അന്ന് ജീവന്‍ വെടിഞ്ഞവരുടെ എണ്ണം 21 ലധികമായിരുന്നു. ലോക ഫുട്‌ബോളിലെ സങ്കടക്കാഴ്ച്ച ഇപ്പോഴും ഇത് തന്നെയാണ്.

ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ ഗോവ ഫദോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ്. ഇത് കൊച്ചു കളിമുറ്റമാണ്. ആകെ കപ്പാസിറ്റി 18,000 മാത്രം. ഈ പതിനെട്ടായിരത്തില്‍ പതിനായിരത്തിലധികം പേര്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് അണികളാണ്. ടിക്കറ്റ് കണക്കുകള്‍ പ്രകാരം അയ്യായിരത്തോളം പേര്‍ ഹൈദരാബാദില്‍ നിന്നും. ബാക്കി വി.വി.ഐ.പികളും മാധ്യമ പ്രവര്‍ത്തകരും സംഘാടകരുമെല്ലാമാണ്. ടിക്കറ്റ് വില്‍പ്പന മൊത്തം നടത്തിയത് ഐ.എസ്.എല്‍ സംഘാടകരായതിനാല്‍ അവരുടെ കണക്കുകള്‍ പ്രകാരം തന്നെ വലിയ ഡിമാന്‍ഡ് വന്നത് കേരളത്തില്‍ നിന്നായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് അനുകൂലികളായ പ്രവാസികള്‍ പോലും നൂറ് കണക്കിനായി എത്തിയിരിക്കുന്നു. സ്‌റ്റേഡിയം മഞ്ഞക്കടലാവും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം രണ്ട് ടീമുകളുടെയും ഒന്നാം ജഴ്‌സിയുടെ കളര്‍ മഞ്ഞയാണ്. കാണികളുടെ സാന്നിദ്ധ്യം ഫുട്‌ബോള്‍ വിലയിരുത്തലില്‍ ടീമിന് ഉണര്‍വാണ്. എന്നാല്‍ ആദ്യം പറഞ്ഞ മരക്കാന അനുഭവം നോക്കു. രണ്ടര ലക്ഷത്തിലധികം വരുന്ന കാണികള്‍ സ്വന്തം ടീമിന് വേണ്ടി ആര്‍ത്തുവിളിച്ചപ്പോള്‍ തുടക്കത്തില്‍ ബ്രസീല്‍ ഒരു ഗോള്‍ ലീഡ് നേടി. ആ ഗോളില്‍ കളിക്കാര്‍ മാത്രമല്ല കാണികളും മതിമറന്നു. കപ്പ് ബ്രസീലിന് തന്നെ എന്ന് എല്ലാവരുമങ്ങ് കരുതിയ ഘട്ടത്തിലാണ് ഷിയാഫിനോ യുറഗ്വായിക്കായി സമനില നേടിയത്. അതോടെ ഗ്യാലറി നിശബ്ദം. ആ നിശബ്ദത യുറഗ്വായിക്കാണ് കരുത്തായത്. ബ്രസീല്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. അവിടെയാണ് 79-ാം മിനുട്ടില്‍ ഗിഗിയ ബ്രസീലിന്റെ ഹൃദയം പിളര്‍ന്ന വിജയ ഗോള്‍ നേടിയത്. ഇന്നും ഗിഗിയ എന്നാല്‍ ബ്രസീലുകാര്‍ക്കത് ഇഷ്ടമല്ലാത്ത പേരാണെങ്കില്‍ മഞ്ഞ സൈന്യം ഇന്ന് ഫത്തോര്‍ഡയില്‍ ടീമിലെ പന്ത്രണ്ടാമന്‍ എന്ന് പറയുമ്പോല്‍ തന്നെ സമ്മര്‍ദ്ദ ഘടകവുമാണ്. രണ്ട് വര്‍ഷത്തില്‍ ആദ്യമായാണ് കാണികള്‍ ഐ.എസ്.എല്‍ ഗ്യാലറിയില്‍ നിറയുന്നത്. അവര്‍ നല്‍കുന്ന പിന്തുണയെ സ്വീകരിച്ച് തന്നെ പതിവ് കൂള്‍ ഗെയിം ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെച്ചാല്‍ പേടിക്കാനില്ല. ഹൈദരാബാദുകാര്‍ തല താഴ്ത്താന്‍ നിര്‍ബന്ധിതരാവും. ബ്ലാസ്്‌റ്റേഴ്‌സിന് പിഴച്ചാല്‍ 1950 ജൂലൈ 16 നെ ബ്രസീലുകാര്‍ എങ്ങനെ വെറുക്കുന്നുവോ അത് പോലെ 2022 മാര്‍ച്ച് 19 നെ കേരളത്തിലെ ആരാധകരും വെറുക്കും. അത്രമാത്രം പ്രതീക്ഷകളിലാണ് എല്ലാവരും. കളിയിലെ വിജയിയെ മൈതാനമാണ് നിശ്ചയിക്കുന്നത് എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ ഓരോ മലയാളി മനസും ഇപ്പോള്‍ മൈതാനമാണ്. വിജയം മാത്രം കൊതിക്കുന്ന, അതിനായി പ്രാര്‍ത്ഥിക്കുന്ന ആ മൈതാനം തോല്‍വിയെ സ്വീകരിക്കില്ല.

Test User: