കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രഥമ ബംഗ്ലാ അക്കാദമി പുരസ്‌കാരം മുഖ്യമന്ത്രി മമതയ്ക്ക്. സാഹിത്യരംഗത്തെ സംഭാവനകള്‍ക്കാണ് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പ്രത്യേക പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. മമത ബാനര്‍ജിയുടെ ‘കബിത ബിതാന്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 900ലധികം കവിതകളുടെ സമാഹാരമാണ് കബിത ബിതന്‍. തിങ്കളാഴ്ച ടാഗോറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കവി പ്രണം’ പരിപാടിയിലാണ് സര്‍ക്കാര്‍ പുരസ്‌കാരം സമ്മാനിച്ചത്. സംസ്ഥാനത്തെ മികച്ച എഴുത്തുകാരുടെ സമിതിയാണ് മമതയുടെ പേര് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.
മമത വേദിയിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. മികച്ച സാഹിത്യകാരന്മാരെ അഭിനന്ദിക്കുന്നതിന് വേണ്ടി ഈ വര്‍ഷമാണ് ബംഗാള്‍ സര്‍ക്കാര്‍ പുരസ്‌കാരം നല്‍കാന്‍ തുടങ്ങിയത്.
അതേസമയം മുഖ്യമന്ത്രിക്ക് അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബംഗാളി എഴുത്തുകാരിയും നാടോടി സാംസ്‌കാരിക ഗവേഷകയുമായ രത്‌ന റാഷിദ് ബാനര്‍ജി അവാര്‍ഡ് തിരികെ നല്‍കി. രത്‌ന റാഷിദ് ബാനര്‍ജിക്ക് 2019 ല്‍ നല്‍കിയ അന്നദ ശങ്കര്‍ സ്മാരക സമ്മാന്‍’ ആണ് തിരികെ നല്‍കിയത്.
ഒരു എഴുത്തുകാരി എന്ന നിലയില്‍, മുഖ്യമന്ത്രിക്ക് സാഹിത്യ അവാര്‍ഡ് നല്‍കാനുള്ള നീക്കം അപമാനകരമായി തോന്നുന്നു. അത് ഒരു മോശം മാതൃക സൃഷ്ടിക്കും. മുഖ്യമന്ത്രിയുടെ അശ്രാന്തമായ സാഹിത്യാന്വേഷണത്തെ പ്രശംസിക്കുന്ന അക്കാദമിയുടെ പ്രസ്താവന സത്യത്തിന്റെ പരിഹാസമാണ്- രത്‌ന റാഷീദ് ബാനര്‍ജി പ്രതികരിച്ചു.