X

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Chandrika Web: