X

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് ദുരുദ്ദേശപരമെന്ന് കെപിഎ മജീദ്

കണ്ണൂര്‍: കേരളത്തില്‍ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് നീതിയുക്തമല്ലെന്നും ദുരുദ്ദേശപരമാണ് സര്‍ക്കാര്‍ നിലപാടെന്നും മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെപിഎ മജീദ്.
വഖഫ് ബോര്‍ഡിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദൈവ വിശ്വാസിയാണ്. ദൈവ വിശ്വാസിയല്ലാത്തവര്‍ വഖഫ് ബോര്‍ഡിന്റെ അധികാര സ്ഥാനത്തെത്തിയാല്‍ ന്യായം അംഗീകരിക്കാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട കേരള സര്‍ക്കാര്‍ നിലപാടിനെതിരെ കണ്ണൂരില്‍ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെപിഎ മജീദ്.

വഖഫ് ബോര്‍ഡിനൊപ്പം ദേവസ്വം വകുപ്പ് നിയമനവും പിഎസ്‌സിക്ക് വിടാന്‍ തീരുമാനം ഉണ്ടായപ്പോള്‍ എന്‍എസ്എസും എസ്എന്‍ഡിപിയുള്‍പ്പെടെ ഹിന്ദു സംഘടനകള്‍ എതിര്‍പ്പറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നിയമനം റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് വിട്ടത്. എന്നാല്‍ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് എന്ത് അടിസ്ഥാനത്തിലാണെന്നും കെപിഎ മജീദ് ചോദിച്ചു. ഒരു ഓര്‍ഡിനന്‍സ് പലവട്ടം ചര്‍ച്ച ചെയ്താണ് ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കേണ്ടത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാന്‍ മാത്രം എന്ത് പ്രശ്‌നമാണുണ്ടായത്. എവിടെയെങ്കിലും ക്രമക്കേട് ഉണ്ടായെന്ന പരാതിയുണ്ടായോ എന്നും മജീദ് ചോദിച്ചു. മുഖ്യമന്ത്രി മറുപടി പറയണമെന്നും സമുദായ സൗഹാര്‍ദം തകര്‍ക്കുന്നതും സംഘ്പരിവാര്‍ ശക്തികളെ പ്രീതിപ്പെടുത്തുന്നതുമാണ് പിണറായി സര്‍ക്കാര്‍ നയമെന്നും കെപിഎ മജീദ് സൂചിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി കുഞ്ഞഹമ്മദ് അധ്യക്ഷനായി.

Test User: