പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കോട്ടയം മാടപ്പള്ളിയില്‍ കെ.റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വകുപ്പ് മന്ത്രി ഗുണ്ടയായതു കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പോലീസുകാരോട്, ‘KP’ എന്നാല്‍ കേരള പോലീസ് എന്നാണ് അല്ലാതെ ‘കുറ്റി പ്രൊട്ടക്ട്ടേഴ്സ്’ എന്നല്ല’, -രാഹുല്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേര്‍ക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാര്‍ക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിലില്‍ ഇതിലും ആഴത്തിലുള്ള സാമൂഹികാഘാത പഠനം ഒന്നും വേണമെന്നില്ലെന്നും കൂട്ടിചേര്‍ത്തു.
അതേസമയം, കെ.റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ചങ്ങനാശ്ശേരി ഹര്‍ത്താലാകുമെന്ന് കെ.റെയില്‍ സമരസമിതി ആഹ്വാനം ചെയ്തു. ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.