കോവിഡ്-19ന്റെ മൂന്നാംതരംഗം ലോകത്താകെ ആഞ്ഞുവീശുകയാണിപ്പോള്‍. കഴിഞ്ഞവര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തീവ്രമാകുമെന്ന് പറഞ്ഞിരുന്ന മൂന്നാം തരംഗം വകഭേദത്തോടെ (ഒമിക്രോണ്‍) കഴിഞ്ഞ രണ്ടുതരംഗത്തേക്കാളും കൂടുതല്‍ തീവ്രവും വ്യാപകവുമായി പ്രചരിക്കുകയാണെന്നാണ് പുതിയറിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ യൂറോപ്പിലേക്കും ഗള്‍ഫ്‌രാജ്യങ്ങളിലേക്കും റഷ്യ-ഏഷ്യന്‍ വന്‍കരകളിലേക്കും പടരുകയാണ്. കഴിഞ്ഞ രണ്ടുതരംഗത്തിലായി ഔദ്യോഗിക കണക്കനുസരിച്ച് അരക്കോടിയിലധികം മനുഷ്യജീവനുകള്‍ കവര്‍ന്നെങ്കിലും ഇതിന്റെയത്ര വേഗമുണ്ടായിരുന്നില്ല. അതുതന്നെയാണ് നാടിനെയാകെ വലിയ ആശങ്കയിലാഴ്ത്തുന്നതും. കോവിഡ് രണ്ടുതരംഗത്തെപോലെ മരണം സംഭവിക്കില്ലെന്ന് ആദ്യഘട്ടത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നെങ്കിലും അങ്ങനെയല്ല, അത്രതന്നെ മരണസാധ്യത മൂന്നാംതരംഗത്തിനുമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ ഏറ്റവുംപുതിയ മുന്നറിയിപ്പില്‍ പറയുന്നത്. കടുത്ത ശ്രദ്ധയും ജാഗ്രതയും കരുതലുമാണ് ഇത് നാമോരോരുത്തരോടും ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ കോവിഡ് ഏറ്റവുമധികം മനുഷ്യജീവനുകള്‍ കവര്‍ന്നത് മഹാരാഷ്ട്രയിലാണെങ്കില്‍ (1.42 ലക്ഷം) കേരളമാണ ്ഇതില്‍ രണ്ടാംസ്ഥാനത്ത്-49,757. ഇന്നലെവരെയുള്ള കണക്കാണിത്. കേരളത്തിലും രാജ്യത്തും കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി. ഡല്‍ഹിയില്‍ നൂറില്‍താഴെയായിരുന്ന നവംബറിലെ രോഗികളുടെ സംഖ്യ ഇന്നലെ ഇരുപതിനായിരത്തിനടുത്താണ്. പൊസിറ്റീവിറ്റി നിരക്ക് ഒന്നില്‍താഴെയായിരുന്നത് ഇപ്പോള്‍ പലസംസ്ഥാനത്തും പത്തിനുമുകളിലെത്തി. കേരളത്തില്‍ ഒരാഴ്ചമുമ്പ് 2500 മാത്രമായിരുന്ന രോഗികളുടെ എണ്ണം ഇന്നലെയോടെ ആറായിരത്തിനും ഏഴായിരത്തിനും ഇടയിലെത്തിനില്‍ക്കുന്നു. മരണം ഇതുവരെ സംസ്ഥാനത്ത് അരലക്ഷത്തിനടുത്താണ്. പരാതിയെതുടര്‍ന്ന് പുതുതായി കോവിഡ്മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെയാണിത്. ഇതിനിടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഇതേക്കുറിച്ചുള്ള ആശങ്കയിലും ഉത്കണ്ഠയിലുമാണ ്ജനതയാകെ. ഇനിയൊരു കോവിഡ് അടച്ചിടല്‍കൂടി താങ്ങാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന ആധിയിലാണ് കേരളത്തിലെയും രാജ്യത്തെയും സാധാരണക്കാരും പാവപ്പെട്ടവരും.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കോവിഡ് നിയന്ത്രണാവലോകനയോഗത്തില്‍ നിലവിലെ സംവിധാനങ്ങള്‍ അതേപടി തുടരാന്‍ തീരുമാനിച്ചത് നേരിയൊരു ആശ്വാസമായി. എങ്കിലും അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതും വാരാന്ത്യലോക്ഡൗണ്‍ നടപ്പിലാക്കിയതും നമ്മെയും കുരുക്കിലാക്കിയിട്ടുണ്ട്. പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നതെങ്കിലും ആവശ്യമെങ്കില്‍ 150 പേര്‍ പൊതുസ്ഥലത്ത് പങ്കെടുക്കാമെന്ന നിബന്ധന തുടരാനാണ് തീരുമാനം. വിവാഹങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും 50 പേര്‍ വീതവും. ഇതിനിടയിലാണ് മുഖ്യഭരണകക്ഷിയായ സി.പി.എമ്മിന്റെ ജില്ലാസമ്മേളനങ്ങള്‍ വന്‍ആള്‍സന്നാഹത്തോടെ നടന്നുവരുന്നത്. ഇതിന് മേല്‍നിബന്ധനയൊന്നും ബാധകമാകുന്നില്ല. ജനുവരിഎട്ടിന് എടപ്പാളില്‍ മേല്‍പാലം ഉദ്ഘാടനത്തിന് പതിനായിരങ്ങള്‍ പങ്കെടുത്തപ്പോള്‍ മന്ത്രിമാര്‍ക്കും ജില്ലാഭരണാധികാരികള്‍ക്കും അതേക്കുറിച്ച് യാതൊന്നും പറയാനില്ല. സി.പി.എംസമ്മേളനങ്ങളുടെ കാര്യത്തിലും തഥൈവ. എന്നാല്‍ പുതിയതരംഗത്തിനുമുമ്പ് ഡിസംബര്‍ ആദ്യംനടന്ന മുസ്്‌ലിംലീഗിന്റെ കോഴിക്കോട്ടെ വഖഫ്‌സംരക്ഷണറാലിക്കെതിരെ കേസുകെട്ടുമായി പൊലീസ് രംഗത്തുവന്നു.
ഇതുതന്നെയാണ് പ്രവാസികളുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ചും സാമ്പത്തികപ്രതിസന്ധിയെ നേരിട്ടും വിദേശത്തുനിന്നെത്തുന്ന നമ്മുടെ സഹോദരങ്ങള്‍ നെഗറ്റീവായിരുന്നിട്ടും 14 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന സങ്കടകരമായിരിക്കുന്നു. ഏഴുദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് നെഗറ്റീവായാല്‍പോലും വീണ്ടും ഏഴുദിവസത്തേക്ക് പ്രവാസികള്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ ്‌സര്‍ക്കാര്‍ നിര്‍ദേശം. സി.പി.എമ്മുകാര്‍ക്കില്ലാത്ത എന്ത് കോവിഡാണ് പ്രവാസികള്‍ക്ക് വരികയെന്നാണ് ജനം ചോദിക്കുന്നത്. വിമാനത്താവളങ്ങളോടനുബന്ധിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് ഈടാക്കുന്ന നിരക്കിലും സാധാരണക്കാരനേക്കാള്‍ വലിയവ്യത്യാസമുണ്ട്. മുമ്പ് 4500 രൂപവരെയാണ് പ്രവാസികളില്‍നിന്ന് പരിശോധനക്കായി ഈടാക്കിയിരുന്നത്. സ്വകാര്യലാബുകളില്‍ ഇതിന് 500 രൂപവരെയായി കുറച്ചെങ്കിലും വീണ്ടും അതിപ്പോള്‍ 1500 വരെയായി കൂട്ടിനല്‍കി. ഈ മഹാമാരികാലത്തും പ്രവാസികളുടെ ടിക്കറ്റ്‌നിരക്ക് 30,000 വരെയായതും തെളിയിക്കുന്നത് സര്‍ക്കാറുകളുടെയും വിമാനക്കമ്പനികളുടെയും കൊള്ളലാഭക്കൊതിയാണ്. അടുത്തയാഴ്ചവരെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നും അതു കഴിഞ്ഞാല്‍ പുനരാലോചിക്കുമെന്നുമുള്ള സര്‍ക്കാര്‍അറിയിപ്പ് ശേഷിക്കുന്ന സി.പി.എം ജില്ലാസമ്മേളനങ്ങള്‍ക്ക് വേണ്ടിയാണോ എന്ന ചോദ്യവും പ്രസക്തിയുള്ളതാണ്. ഇതൊക്കെയാണെങ്കിലും അനുഭവിക്കേണ്ടത് ജനമാണെന്നതിനാല്‍ കോവിഡിനെ തടയുന്നതിന് നാം ഒരൊറ്റമനസോടെ സഹകരിക്കുകയാണ് വേണ്ടതെന്ന് ഓര്‍മിപ്പിക്കുന്നു.