സ്ത്രീകള്‍ കൂടിയാല്‍ പാര്‍ട്ടി തകരുമെന്ന കോടിയേരിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്ത്രീകള്‍ കൂടിയാല്‍ പാര്‍ട്ടി തകരുമെന്ന വിഡ്ഢിത്തവും വൃത്തികേടും യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞ കോടിയേരി ഇന്നത്തെ സിപിഎമ്മിന് അലങ്കാരമായേക്കാമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സുധാകരന്റെ പ്രതികരണം.
പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണം. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് അവരുടെ പാര്‍ട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവനയേക്കാള്‍ വലിയ നാണക്കേട് വേറെന്താണുള്ളതെന്നും സുധാകരന്‍ ചോദിച്ചു. സിപിഎമ്മിലെ ഉന്നത നേതാക്കള്‍ പറയുന്ന വേണ്ടാതീനങ്ങള്‍ ഒക്കെ തമാശയായി കരുതി ആസ്വദിക്കുവാന്‍ കെ കെ ഷൈലജയെന്ന വനിതാ നേതാവിനെ പോലെ അനുഭാവികള്‍ക്കും സാധിക്കുന്നുവെന്നത് അങ്ങേയറ്റം നിരാശാജനകമാണ്. പ്രതികരിച്ചാല്‍ പിണറായി വിജയന്റെ അപ്രീതിയ്ക്ക് പാത്രമാകുമെന്നും സ്ഥാനമാനങ്ങള്‍ നഷ്ടമായേക്കുമെന്നും അവര്‍ ഭയക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
സ്ത്രീകളെ ഏറ്റവും ഹീനമായ രീതിയില്‍ അപഹസിച്ച കോടിയേരി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും കേരളത്തിന്റെ സ്ത്രീ സമൂഹം ഒന്നടങ്കം കോടിയേരിയുടെ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണം. അക്കമ്മ ചെറിയാന്റെയും, ആനി ബസന്റിന്റെയും, സരോജിനി നായിഡുവിന്റെയും, ഇന്ദിരാഗാന്ധിയുടെയും ഗൗരിയമ്മയുടെയും ഒക്കെ മണ്ണാണിത്.
ആ മണ്ണില്‍ ചവിട്ടി നിന്ന് സ്ത്രീകള്‍ കൂടിയാല്‍ പാര്‍ട്ടി തകരുമെന്ന വിഡ്ഢിത്തവും, വൃത്തികേടും യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞ കോടിയേരി ഇന്നത്തെ സി പി എമ്മിന് അലങ്കാരമായേക്കാം, പക്ഷേ അയാളുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്ക് അവരുടെ പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ ഈ പ്രസ്താവനയേക്കാള്‍ വലിയ നാണക്കേട് വേറെന്താണുള്ളത്?
ഈ പരാമര്‍ശത്തില്‍ കേരളത്തിലെ മാധ്യമ ലോകവും സാംസ്‌കാരിക പ്രവര്‍ത്തകരും പുലര്‍ത്തുന്ന മൗനം അങ്ങേയറ്റം പരിഹാസ്യമാണ്. സിപിഎമ്മിലെ ഉന്നത നേതാക്കള്‍ പറയുന്ന വേണ്ടാതീനങ്ങള്‍ ഒക്കെ തമാശയായി കരുതി ആസ്വദിക്കുവാന്‍ കെ കെ ഷൈലജയെന്ന വനിതാ നേതാവിനെ പോലെ അനുഭാവികള്‍ക്കും സാധിക്കുന്നുവെന്നത് അങ്ങേയറ്റം നിരാശാജനകമാണ്.
പ്രതികരിച്ചാല്‍ പിണറായി വിജയന്റെ അപ്രീതിയ്ക്ക് പാത്രമാകുമെന്നും സ്ഥാനമാനങ്ങള്‍ നഷ്ടമായേക്കുമെന്നും അവര്‍ ഭയക്കുന്നുണ്ട്. അനിഷ്ടമുള്ളവരെ ഉയര്‍ന്ന കമ്മിറ്റികളില്‍ ഉള്‍പെടുത്താതെ അവരെ സ്വന്തം മക്കളുടെ ഇടനെഞ്ചില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയ വെട്ടിനിരത്തലും , സ്വന്തം മരുമകനെ ഒരൊറ്റ സമ്മേളനം കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിച്ച സ്വജനപക്ഷപാതത്തിന്റെ മായാജാലവും പാര്‍ട്ടി അംഗങ്ങളുടെ പ്രതികരണ ശേഷിയെ ഇല്ലാതാക്കിയിരിക്കുന്നു. അല്ലെങ്കിലും സിപിഎമ്മിലെ ഫെമിനിസ്റ്റുകളുടെയും സൈബര്‍ പോരാളികളുടെയും പ്രഥമ പരിഗണന ഔദ്യോഗിക സ്ഥാനമാനങ്ങളും സര്‍ക്കാരിന്റെ കാറും കിട്ടുന്നതിലാണല്ലോ!
സ്ത്രീകളെ ഏറ്റവും ഹീനമായ രീതിയില്‍ അപഹസിച്ച കോടിയേരി മാപ്പ് പറയാന്‍ തയ്യാറാകണം. കേരളത്തിന്റെ സ്ത്രീ സമൂഹം ഒന്നടങ്കം കോടിയേരിയുടെ നാണം കെട്ട പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കണം.