X

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം സംസ്‌ക്കരിച്ചു; അന്ത്യവിശ്രമം പയ്യാമ്പലത്ത്

സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ജന്മനാട്ടില്‍ അന്ത്യനിദ്ര. പയ്യാമ്പലത്ത് പൂര്‍ണ്ണ ബഹുമതികളോടെ മൃതദേഹം സംസ്‌ക്കരിച്ചു. കോടിയേരി ഇനി ജനമനസുകളില്‍ ജീവിക്കും. ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. മക്കളായ ബിനോയും ബീനിഷുമാണ് തങ്ങളുടെ അച്ഛന്റെ ചിതയ്ക്ക് തീ പകര്‍ന്നത്.

വാഹനത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മൃതദേഹം തോളിലേറ്റി. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ജനസാഗരമാണ് തലശ്ശേരി ടൗണ്‍ ഹാളിലും കണ്ണൂരിലെ വീട്ടിലും ജില്ലാകമ്മിറ്റി ഓഫീസിലുമായി എത്തിച്ചേര്‍ന്നത്.

തലശ്ശേരിയിലേക്കുള്ള വിലാപയാത്രക്കിടെ അന്തിമോപചാരമര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. മട്ടന്നൂര്‍ ടൗണിലും നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലുമാണ് ആംബുലന്‍സിന് വേഗത കുറച്ച് അന്ത്യോപചാരത്തിന് സൗകര്യമൊരുക്കിയത്. ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ മൃതദേഹം എത്തിച്ചത്.

ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന കോടിയേരി ശനിയാഴ്ച്ചയാണ് അന്തരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

Test User: