അശ്‌റഫ് തൂണേരി
പ്രതിഭയുടെ തെളിച്ചംകൊണ്ട് വേറിട്ട തലം തീര്‍ത്ത ലോകപ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ ദൈവത്തിങ്കലേക്ക് മടങ്ങിയിരിക്കുന്നു. യൂസുഫുല്‍ ഖര്‍ളാവി. പിറവിക്കുമുമ്പേ പിതാവും പിച്ചവെച്ചു തുടങ്ങിയ ഒന്നാം വയസില്‍ മാതാവും നഷ്ടമായ ബാല്യം. അമ്മാവന്റേയും അമ്മായിയുടേയും കൂടെയായിരുന്നു പിന്നെ ജീവിതം. ആശ്രിതവാത്സല്യത്തില്‍ അവര്‍ അവനെ ഈജിപ്ഷ്യന്‍ നാട്ടുനടപ്പുരീതികളിലേക്ക് ക്ഷണിച്ചു. ദാരിദ്ര്യം രൂക്ഷമായതിനാല്‍ ചെറുപ്പത്തിലേ ആശാരിപ്പണി പഠിപ്പിക്കാമെന്നും കച്ചവട സഹായിയായി നിര്‍ത്താമെന്നും പ്രേരിപ്പിച്ചു. പക്ഷേ അവയെല്ലാം നിരാകരിച്ച് മതം പഠിക്കാനാവന്‍ തീരുമാനിച്ചത്. ദരിദ്ര കുടുംബാംഗങ്ങള്‍ക്ക് അന്ന് സാധ്യമല്ലാതിരുന്ന ആ പഠനം പ്രതിഭയിലൂടെ നേടിയെടുക്കുകയായിരുന്നു ഖര്‍ളാവി. പത്താം ജന്മദിനത്തലേന്നേക്ക് ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയാണ് കുഞ്ഞു ഖര്‍ളാവി മതപഠനത്തിന് ശിലയിട്ടത്. സെക്കണ്ടറി പൂര്‍ത്തിയാക്കിയ ഉടന്‍ ലോക പ്രശസ്തമായ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടി. 1953ല്‍ അല്‍അസ്ഹറില്‍ നിന്ന് ബിരുദം നേടുമ്പോള്‍ അറബി ഭാഷയിലുള്ള മറ്റൊരു ബിരുദവും സഹപാഠികളില്‍ അഞ്ഞൂറ് വിദ്യാര്‍ഥികളില്‍ ഒന്നാമനായി ഖര്‍ളാവി നേടിയെടുത്തിരുന്നു. 1954ല്‍ അറബി ഭാഷ പഠിപ്പിക്കാനുള്ള അന്തര്‍ദേശീയ ലൈസന്‍സോടെയുള്ള ഡിഗ്രിയും സ്വന്തം. ഈജിപ്തിലെ വഖഫ് മന്ത്രാലയത്തിന് കീഴിലുള്ള ഇമാം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉടന്‍ ജോലി നേടാനായി. പിന്നീട് അസ്ഹറിലെ ഇസ്‌ലാമിക സാംസ്‌കാരിക വിഭാഗത്തിലും ജോലി ചെയ്തു. എഴുത്തും പ്രഭാഷണവും തുടങ്ങുന്നത് അക്കാലത്താണ്. അധ്യാപനത്തിലും മികവു പുലര്‍ത്തി. കൈറോയിലെ പള്ളികളില്‍ മതപ്രഭാഷകനായി പേരെടുത്തു. 1961ല്‍ പണ്ഡിതന്മാരെ പരസ്പരം കൈമാറുന്ന നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. ദോഹയില്‍ റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പുകാരനായി മാറി. 1973ല്‍ ഖത്തര്‍ സര്‍വകലാശാലയില്‍ ഇസ്‌ലാമിക ഗവേഷണ വിഭാഗം തുടങ്ങി. ഗവേഷണം കൂടെക്കൊണ്ടുനടന്നിരുന്നതിനാല്‍ അതേവര്‍ഷം തന്നെ ഡിസ്റ്റിംഗ്ഷനോടെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ഛ്.ഡിയും നേടി. ‘സാമൂഹ്യപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സക്കാത്തിന്റെ പ്രാതിനിധ്യം’ എന്ന വിഷത്തിലായിരുന്നു ഗവേഷണം പൂര്‍ത്തിയാക്കിയത്. 1973ല്‍ തന്നെ ഖത്തര്‍ സര്‍വകലാശാലയില്‍ ഇസ്‌ലാമിക ഗവേഷണ വിഭാഗത്തിന് തുടക്കമിടാനും ഖര്‍ളാവിക്ക് കഴിഞ്ഞു.
വ്യവസ്ഥക്കെതിര്, ജയിലറകള്‍, വധശിക്ഷാ വിധി
അക്കാലത്ത് വ്യവസ്ഥക്കെതിരെയുള്ള ചിന്ത ഒപ്പം കൊണ്ടുനടന്നയാളായിരുന്നു ഖര്‍ളാവി. അതുകൊണ്ടുതന്നെ 1940കളിലും 1950ന്റെ തുടക്കത്തിലും അദ്ദേഹം അഴിക്കുള്ളിലായി. മുസ്‌ലിം ബ്രദര്‍ഹുഡിലെ അംഗത്വമായിരുന്നു മുഖ്യകാരണം. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നീക്കങ്ങള്‍ ഭരണകൂട വിരുദ്ധമെന്ന് കണ്ടെത്തി 1954ല്‍ സംഘടനയെ ഈജിപ്തില്‍ നിരോധിച്ചു. ഈജിപ്തിലെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ എന്നും നിലപാടെടുത്തിരുന്നു അദ്ദേഹം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അബ്ദുല്‍ഫത്താഹ് സിസി അധികാരം പിടിച്ചെടുത്തതിനെതിരെ കര്‍ശനമായി വിമര്‍ശിച്ച അദ്ദേഹത്തിന് അക്കാലത്ത് ഈജിപ്തിലേക്ക് പോവാന്‍ കഴിഞ്ഞിരുന്നില്ല. ഈജിപ്തിലില്ലെങ്കിലും ഖര്‍ളാവിയെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്ത് വധശിക്ഷക്ക് വിധിച്ച അപൂര്‍വ തീരുമാനവും അല്‍സീസി എടുത്തു.
പ്രവര്‍ത്തനങ്ങള്‍
ആഗോള തലത്തിലേക്ക്
ഇതിനകം വൈവിധ്യ രചനകളും ലേഖനങ്ങളും പുറത്തിറക്കിയ ഖര്‍ളാവി വേറിട്ട ചിന്തകള്‍ക്കൊണ്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 1997ല്‍ ഡബ്ലിന്‍ ആസ്ഥാനമാക്കി യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വാ ആന്റ് റിസേര്‍ച്ച് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ചത്. യൂറോപ്പിലേയും പശ്ചിമേഷ്യയിലേയും മുസ്‌ലിം ജനവിഭാഗത്തിന് ഏറെ പ്രയോജനകരമായിരുന്നു ആ നീക്കം. അറബ് ലോകത്തേയും ഗള്‍ഫിലേയും പണ്ഡിതന്മാരെ ഒരുമിച്ചിരുത്താനും വിവിധ വിഷയങ്ങളില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കാനും ദോഹ കേന്ദ്രീകരിച്ച് നിരന്തരം ശ്രമിച്ചുവന്ന അദ്ദേഹം 2002ല്‍ ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അറബ് രാഷ്ട്രങ്ങള്‍ ഇത്തരമൊരു സഭയുടെ ആസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ തന്നെയായി ഇതിന്റെ ആസ്ഥാനം മാറി. ഐറിഷ് നിയമം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
ശ്രദ്ധേയ രചനകള്‍,
വിവാദങ്ങള്‍, നിരോധനം
ആധുനിക ജീവിതത്തിലെ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന 120ലധികം ഗ്രന്ഥങ്ങള്‍ യൂസുഫുല്‍ ഖര്‍ളാവി രചിച്ചിട്ടുണ്ട്. ദ ലോഫുള്‍ ആന്റ് പ്രൊഹിബിറ്റഡ് ഇന്‍ ഇസ്‌ലാം, ഫിഖ്ഹ് അസ്സക്കാത്ത് ഒരു താരതമ്യ പഠനം, ഇസ്‌ലാം അവേക്കനിംഗ് ബിറ്റ്വീന്‍ റിജക്ഷന്‍ ആന്റ് എക്ട്രീമിസം, വര്‍ഷിപ്പ് ഇന്‍ ഇസ്‌ലാം, ഇന്‍ട്രഡക്ഷന്‍ ടു ദ സ്റ്റഡി ഓഫ് ഇസ്‌ലാമിക് ലോ, അപ്രോച്ചിംഗ് ദ സുന്ന, കറന്റ് ഇഷ്യു ഇന്‍ ഇസ്‌ലാമിക് ഫിഖ്ഹ് തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടതാണ്. പല വിവാദ പ്രസ്താവനകളാല്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട പണ്ഡിതന്‍ കൂടിയായിരുന്നു ഖര്‍ളാവി. പല തരം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താനും ഇവ ഇടയാക്കി. 2005ല്‍ ദി ഗാര്‍ഡിയനുമായി സംസാരിക്കവെ സ്വവര്‍ഗാനുരാഗം, ലെസ്ബിയന്‍ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ വിവാദമായി. ‘പാശ്ചാത്യര്‍ ക്രിസ്തുമതം കൈവിട്ടിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. പാശ്ചാത്യരുടെ ചരിത്രവും വേരുകളും ക്രിസ്ത്യാനിറ്റിയിലാണെന്നത് മറക്കരുത്. സ്വവര്‍ഗ ലൈംഗികത ദൈവത്താല്‍ ശിക്ഷിക്കപ്പെട്ടതാണെന്ന് തോറ പറയുന്നു. ഇതില്‍ മുസ്‌ലിംകള്‍ ഒറ്റയ്ക്കാണെന്ന ധാരണ നാം നല്‍കരുത്’ ഖര്‍ളാവിയുടെ പ്രസ്താവന ഇതായിരുന്നു. ഫലസ്തീന്‍ കുട്ടികള്‍ ചാവേറാവുന്നതിനെക്കുറിച്ചുള്ള 2004ലെ മറ്റൊരു പ്രസ്താവനയും അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ചാവേര്‍ ബോംബര്‍മാര്‍ എന്തുകൊണ്ടുണ്ടാവുന്ന എന്ന വിശദീകരണമായിരുന്നു വിഷയം. ജിഹാദിന്റെ (വിശുദ്ധയുദ്ധം) ഭാഗമാണിതെന്ന ഫത്‌വ അദ്ദേഹം നല്‍കിയെന്നായിരുന്നു ബി.ബി.സി ഉള്‍പ്പെടെ അന്ന് ആരോപിച്ചത്. 2002ല്‍ ഖര്‍ളാവി അല്‍ജസീറ ടെലിവിഷനിലെ വാരപംക്തിയിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ”ഇസ്രാഈലികള്‍ക്ക് അണുബോംബുകള്‍ ഉണ്ടായിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് ‘കുട്ടികളുടെ ബോംബ്’ ഉണ്ട്, ഈ മനുഷ്യ ബോംബുകള്‍ വിമോചനം വരെ തുടരണം.” ഇതായിരുന്നു പരാമര്‍ശം. എന്നും അമേരിക്കയുടേയും ഇസ്രാഈലിന്റേയും ക്രൂരതകളും അധിനിവേശവും നിശിതമായി വിമര്‍ശിച്ചിരുന്നു. തന്റെ ഖുതുബയിലും ചാനല്‍ പരിപാടിയും പ്രഭാഷണങ്ങളിലും കോളങ്ങളിലുമെല്ലാം അത് അദ്ദേഹം തുറന്നടിച്ചു. പലപ്പോഴും പാശ്ചാത്യമാധ്യമങ്ങളും ചില യൂറോപ്യന്‍ മാധ്യമങ്ങളും അതിനെ തീവ്രവാദ അനുകൂല ചാപ്പ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. ശക്തമായ ആ നിലപാട് മൂലം 1999ല്‍ അമേരിക്ക അദ്ദേഹത്തിന്റെ പത്തുവര്‍ഷത്തെ വിസ അസാധുവാക്കിയിരുന്നു. പക്ഷേ ബ്രിട്ടനിലെ ലണ്ടന്‍ മേയര്‍ കെന്നിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അത് നീക്കി. 2017ല്‍ തുണീഷ്യ മുസ്‌ലിം ബ്രദര്‍ഹുഡ് ബന്ധമാരോപിച്ച് വിലക്കേര്‍പ്പെടുത്തി. അതേ വര്‍ഷം തന്നെ സഊദി അറേബ്യ അദ്ദേഹത്തിന്റെ രചനകള്‍ നിരോധിച്ചു. ഖര്‍ളാവിയുടെ നേതൃത്വത്തിലുള്ള ഫത്‌വാ ആപ്പ് ഗൂഗിള്‍ നിരോധിക്കാനും ഇടയായി. 2019ലായിരുന്നു വെറുപ്പ് പടര്‍ത്തുന്നുവെന്നാരോപിച്ച് യൂറോ ഫത്‌വ ആപ് ഗൂഗിള്‍ നിരോധിച്ചത്. ഇത്തരം വിവാദങ്ങളും നിരോധനങ്ങളുമെല്ലാമുണ്ടായിരിക്കെയും വ്യവസ്ഥയുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാതെ മുമ്പോട്ടുപോയ പണ്ഡിതന്‍ എന്ന നിലയില്‍ ഖര്‍ളാവി കൂടുതല്‍ ശ്രദ്ധേയനാവുന്നു.