റസാഖ് ഒരുമനയൂര്‍
വിടവാങ്ങിയ ശൈഖ് ഖലീഫ ബിന്‍സായിദ് അല്‍നഹ്‌യാന്‍ കാരുണ്യവും ദയയും നെഞ്ചോട് ചേര്‍ത്തുവെച്ച ഖലീഫ(ഭരണാധികാരി)യായിരുന്നു. പിതാവിന്റെ പാത പിന്‍പറ്റി ലോകജനതക്ക് എക്കാലവും സ്‌നേഹവും അതിലേറെ ആശ്വാസവും സമ്മാനിക്കുന്നതിലും ശൈഖ് ഖലീഫ ബിന്‍സായിദ് അല്‍നഹ് യാന്‍ എക്കാലവും ലോകത്തിന്റെ മുന്‍നിരയിലുണ്ടായിരന്നു.
തന്റെ ജനതയുടെ ക്ഷേമം അന്വേഷിക്കുകയും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം കണിശത പുലര്‍ത്തിയിരുന്നു. ഒരുപക്ഷെ ഖലീഫ ഉമറിന്റെ ഭരണകാലത്തെ അനുസ്മരിക്കുന്ന തരത്തില്‍ പ്രജകളോട് ഏറെ താല്‍പര്യം കാട്ടിയാണ് ഭരണയന്ത്രം ചലിപ്പിച്ചത്. എല്ലാവരുടെയും ക്ഷേമം ലക്ഷ്യമാക്കി അതിനുതകുന്ന വിവിധ പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു.
വിവിധ രാജ്യങ്ങളില്‍ ദുരിതങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ യഥാസമയം ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളും എത്തിക്കുകയും രോദനത്തിന് പരിഹാരം കാണുകയും ചെയ്യുന്നതില്‍ ഏറെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ദരിദ്രരാജ്യങ്ങളുടെ ആശ്വാസകേന്ദ്രമായിരുന്നു അദ്ദേഹം. യുഎഇ റെഡ്ക്രസന്റ് മുഖേന ഓരോ മാസവും കോടിക്കണക്കിന് ദിര്‍ഹമിന്റെ വസ്തുക്കളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്.