X

കെറെയില്‍; ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത്: ഉമ്മന്‍ ചാണ്ടി

ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കെ റെയില്‍പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.  ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ തകര്‍ക്കുന്ന ഈ പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. മാടപ്പള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അച്യുതാനന്ദന്‍ സര്‍ക്കാര്‍ കെ റെയിലിന്റെ പഴയ പേരായ അതിവേഗ റെയില്‍ പാതയ്ക്ക് വേണ്ടിയുള്ള വിദഗ്ദ റിപ്പോര്‍ട്ടിന്  സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. 2011ല്‍ താന്‍ മുഖ്യമന്ത്രിയാകുന്ന സമയത്താണ് റിപ്പോര്‍ട്ട് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് പഠിച്ചപ്പോള്‍ കേരളത്തിന് താങ്ങാന്‍ പറ്റാത്ത പദ്ധതിയാണെന്ന് മനസിലായിരുന്നെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അപ്പോള്‍ തന്നെ പദ്ധതി വേണ്ടെന്നുവച്ചെന്നും പകരം പദ്ധതി മഹരാഷ്ട്ര സബര്‍ബന്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചെന്നും പറഞ്ഞു.

നിലവിലുള്ള റെയില്‍ പാളം വഴി വേഗത കൂടിയ റെയില്‍ സര്‍വ്വീസുകള്‍ നടത്താനായിരുന്നു പദ്ധതി. എന്തുവന്നാലും കെ റെയില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പ്രതിഷേധങ്ങള്‍ കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്നാണ്. കേരളത്തിന്റെ പശ്ചാത്തലം നോക്കുമ്പോള്‍ ഒരു വിധത്തിലും നടപ്പിലാക്കാന്‍ പറ്റാത്ത പദ്ധതിയാണിതെന്നും വന്‍ സാമ്പത്തിക ബാധ്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സ്ഥലം ഏറ്റെടുപ്പ് എന്നിവ പ്രശ്‌നമായി വരുമെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. പദ്ധതി നീണ്ടുപോകാന്‍ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറകല്ലുകളും മണ്ണും മറ്റ് നിര്‍മ്മാണ സാമഗ്രഹികളും എത്തിക്കാന്‍ സാധിക്കാത്തതിനാലാണ്. തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പാറകല്ലുകളും മണ്ണും കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പാറകല്ലുകള്‍കൊണ്ട് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത് പ്രായോഗ്യമാകുന്നതല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സില്‍വര്‍ ലൈന് എതിരായി ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ പോരാഴ്മകളുമില്ലാത്ത ഈ ബദല്‍ നിര്‍ദ്ദേശം അംഗീകരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും ചൂണ്ടിക്കാട്ടി.

Test User: