X

ജനനായകന്‍ ഇനി ജനഹൃദയങ്ങളില്‍; ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

എസ് സുധീഷ് കുമാര്‍
പുതുപ്പള്ളി

കാലം സാക്ഷി, പ്രിയരെ വിട്ടൊഴിഞ്ഞ് ജനനായകന്‍ ആറടി മണ്ണിലേക്കു മടങ്ങി. പുതുപ്പള്ളിയുടെ സൂര്യന്‍ ഉമ്മന്‍ ചാണ്ടി ഇനി ജനമനസിലെ ജ്വലിക്കുന്ന ഓര്‍മ. രാവും പകലും കടന്നെത്തിയ വിലാപയാത്ര പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടില്‍ നിന്ന് പതിനായിരങ്ങളുടെ അശ്രുകണങ്ങളേറ്റുവാങ്ങിയാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെ പ്രത്യേകം ഒരുക്കിയ കബറിടത്തില്‍ അര്‍ധരാത്രിയോടെ നിത്യനിദ്രയിലലിഞ്ഞത്. കാതോലിക്കാ ബാവയുടെയും മെത്രാന്‍മാരുടെയും കാര്‍മികത്വത്തില്‍ അന്ത്യ ശുശ്രൂഷകള്‍ നല്‍കി. പ്രിയപ്പെട്ടവന് അവസാനമായി മുത്തം നല്‍കി ഭാര്യ മറിയാമ്മയും മക്കള്‍ മറിയവും ചാണ്ടി ഉമ്മനും അച്ചുവും. ഒപ്പം യാത്രാമംഗളമോതി കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും.

കര്‍ക്കിടക മഴ പെയ്തു തോര്‍ന്ന വഴികളിലൂടെ 28 മണിക്കൂര്‍ പിന്നിട്ടാണ് ജനനായകന്റെ അന്ത്യയാത്ര പുലര്‍ച്ചയോടെ കോട്ടയം ജില്ലാ അതിര്‍ത്തിയിലെത്തിയത്. രാജനഗരിയും കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും കടന്ന് കോട്ടയം ജില്ലയിലേക്കെത്തുമ്പോള്‍ നേരം പരക്കെ വെളുത്തിരുന്നു. അപ്പോഴും ജനനായകനെ കാത്ത് ഒരു ജനത ഉറക്കമൊഴിച്ചു കാത്തിരിക്കുന്നുണ്ടായിരുന്നു. തിരുവല്ല പിന്നിട്ടു നവോത്ഥാന നായകന്‍ മന്നത്ത് പത്മനാഭന്റെ പെരുന്നയിലെത്തുമ്പോള്‍ പുലര്‍ച്ചെ ആറ് മണി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും മകള്‍ ഡോ. ഇന്ദുവും നേതൃത്വവും പ്രിയ സുഹൃത്തിനെ കാണാനായി കാത്തു നില്‍പ്പുണ്ടായിരുന്നു. അരളിപൂക്കള്‍ ആ ഭൗതിക ദേഹത്തില്‍ അര്‍പ്പിച്ചു യാത്രയേകി. ഉമ്മന്‍ ചാണ്ടി പതിവായി നടന്നു തീര്‍ത്ത വഴികളിലൂടെ. 20 കിലോമീറ്റര്‍ അകലെയുള്ള തിരുനക്കരയിലെത്താന്‍ എടുത്തത് നാല് മണിക്കൂറിലേറെ. വഴി നീളെ ജനങ്ങള്‍ പൂഷ്പങ്ങള്‍ അര്‍പ്പിച്ചു.

മൗനം തളം കെട്ടിയ വീഥികളിലൂടെ, ഒരു ജനതയൊന്നാകെ പരന്നൊഴുകി. ക്ഷീണവും ഉറക്കവും മറന്നായിരുന്നു ഓരോരുത്തരും വിലാപയാത്രയെ അനുഗമിച്ചത്. കോട്ടയം പള്ളിപ്പുറത്ത് കാവിലെ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം. രാഷ്ട്രീയ നീക്കങ്ങള്‍ക്ക്, മുന്നണി സംവിധാനങ്ങള്‍ക്ക് വിജയം ഉറപ്പിച്ച ഓഫീസില്‍ ഒരിക്കല്‍ കൂടി പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി എത്തി. അണികളുടെ ചടുലമായ മുദ്രാവാക്യം വിളികളുണ്ടായിരുന്നില്ല. വിങ്ങിയ മുഖങ്ങള്‍ മാത്രം. നൊമ്പരത്തോടെ, അതിരറ്റ വികാരത്തോടെ പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ ഒരു നോക്ക് കണ്ടു. പിന്നെ ആദ്യ പ്രസംഗം നടത്തിയ തിരുനക്കര മൈതാനത്തേക്ക്. വയസ്‌കര കുന്നു കയറി കിഴക്കേ വാതിലില്‍ നിന്ന് വിലാപ യാത്ര തിരുനക്കര മൈതാനത്തേക്കു കടന്നു. എന്നും തോളിലേറ്റിയ ജനം അവസാനമായി ഉമ്മന്‍ചാണ്ടിയെ തോളിലേറ്റി. മിഴിപൂട്ടിയ നെറ്റിത്തടത്തില്‍ മുടിയിഴകള്‍ പാറി വീഴാതെ, തങ്ങളുടെ അരികിലേക്കെത്തിയ പ്രിയ നേതാവിനെ കണ്ട് അവര്‍ വിങ്ങിപൊട്ടി. തേങ്ങലായും വിതുമ്പലായും അലറി ക്കരച്ചിലായും കണ്ണീരിന്റെ പേമാരി പെയ്തു.

സമകാലികനും മന്ത്രിയും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി അവശതകള്‍ മറന്ന് ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും പ്രിയപ്പെട്ടവന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഉറ്റമിത്രവും സുദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം യു.ഡി.എഫിന് കരുത്ത് പകരുന്നതില്‍ വലിയ പങ്ക് വഹിച്ച മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും എത്തി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും പത്‌നി എലിസബത്തും, സംസ്ഥാന മന്ത്രിമാര്‍, ചലചിത്രതാരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദീലിപ് തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍ നിന്ന് പരശ്ശതം പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. തിരുനക്കരയിലെ പൊതുദര്‍ശനം നാലു മണിക്കൂര്‍ നീണ്ടു നിന്നു. അക്ഷര മണ്ണിലൂടെയായിരുന്നു പുതുപ്പള്ളിയിലേക്കുള്ള യാത്ര. വീഥികള്‍ക്കിരുവശവും ആയിരങ്ങള്‍ തടിച്ചു കൂടി. ഈ സമയം പുതുപ്പള്ളിയിലെ വള്ളിക്കാലില്‍ വീട്ടില്‍ ബന്ധുക്കള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഇവിടെയും മെത്രാന്മാര്‍ ശുശ്രൂഷയേകി. പിന്നാലെ പണിപൂര്‍ത്തിയാക്കാത്ത വീട്ടിലേക്ക്. പണി പാതിനിലച്ച വീട്ടില്‍ മണല്‍ വിരിച്ച മുറ്റത്തെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിലേക്ക്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. രാത്രി പത്ത് മണിയോടെ രാഹുല്‍ ഗാന്ധിയെത്തി. ഒരു മണിക്കൂര്‍ ദീര്‍ഘിച്ച അന്ത്യശുശ്രുഷകള്‍ക്ക് ശേഷം അര്‍ധരാത്രിക്ക് ശേഷം ഉമ്മന്‍ചാണ്ടി ഓര്‍മയായി.

webdesk11: