X

പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം

പെരുന്നാള്‍ രാവില്‍ പയ്യനാട്ടെ മൈതാനത്ത് കേരള നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി. ഷൂട്ടൗട്ട് വിധിയെഴുതിയ പോരാട്ടത്തില്‍ സന്തോഷ് ട്രോഫിയില്‍ ഏഴാം കിരീടം ചൂടി കേരളം. ചരിത്രത്തിന്റെ കരുത്തില്‍ സന്തോഷ് ട്രോഫി കിരീടം മോഹിച്ചെത്തിയ ബംഗാള്‍ പടക്ക് കേരളത്തില്‍ നിന്നും കണ്ണീര്‍മടക്കം. ത്രില്ലര്‍ കഥകള്‍ പോലെ ഉദ്യോഗജനകമായ 90 മിനുറ്റ് പിന്നിട്ട ഫൈനല്‍ പോരാട്ടത്തില്‍ ഗോളില്ല. അധികസമയത്ത് ബംഗാളിന് ലീഡ്. അവസാനത്തില്‍ കേരളം തിരികെ വരുന്നു. പിന്നെ ഷൂട്ടൗട്ട്. കേരളത്തിന്റെ അഞ്ച് കിക്കുകളും വലയിലായപ്പോള്‍ ബംഗാളിന് ഒന്ന് പിഴച്ചു. അത് കേരളത്തിന്റെ കിരീടമായി.

സെമിഫൈനലില്‍ കര്‍ണാടകക്കെതിരെ കളിച്ച അതേ ടീമിനെയാണ് ഫൈനലിലും ബംഗാളിനെ നേരിടാന്‍ ബിനോ ജോര്‍ജ്ജ് സജ്ജമാക്കിയത്. പ്രതിരോധത്തില്‍ ഒരാളെ കൂടി അധികം നിയമിച്ചാണ് ബംഗാള്‍ പട ഇറങ്ങിയത്. അഞ്ചു പേരടങ്ങുന്ന പ്രതിരോധ ഭടന്മാര്‍ക്കാണ് കേരളത്തെ തടുക്കാനുള്ള ചുമതല നല്‍കിയത്. ബാസുദേബ് മന്തിയെ മാറ്റി പ്രതിരോധത്തില്‍ നബി ഹുസൈന്‍ ഖാനെയാണ് കോച്ച് രഞ്ജന്‍ ഭട്ടാചാര്യ ആദ്യ ഇലവനില്‍ പരീക്ഷിച്ചത്.

കേരളത്തിന്റെ ടച്ചോടെയാണ് കളി ആരംഭിച്ചത്. ഫൈനലിന്റെ ഗൗരവം ഉള്‍കൊണ്ട് പതിയെ തന്നെയാണ് ഇരുടീമുകളും തുടങ്ങിയത്. ആദ്യമിനുറ്റില്‍ തന്നെ ബംഗാള്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍് ഫര്‍ദീന്‍ അലി മൊല്ലയുടെ മുന്നേറ്റമാണ് കണ്ടത്. ആക്രമണ ശൈലിയില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്ത കേരള സംഘം വൈകാതെ തന്നെ കരുത്ത് പുറത്തെടുത്തു. വലതുവിംഗിലൂടെ ബംഗാള്‍ പോസ്റ്റ് ലക്ഷ്യമാക്കി ആക്രമണം തുടങ്ങി. ക്യാപ്റ്റന്‍ ജിജോയുടെ മികച്ച പാസ് സഹീഫിന് ഓടിയെടുക്കാനായില്ല. 5ാം മിനുറ്റില്‍ ഗ്യാലറിയെ മുഴുവന്‍ നിശബ്ദമാക്കിയൊരു ബംഗാള്‍ ഹെഡ് കേരള പോസ്റ്റിന് ചാരി പുറത്തേക്ക.് നബി ഹുസൈന്‍ ഖാനാണ് മികച്ചൊരു ഗോള്‍ ശ്രമം നടത്തിയത്. അടുത്ത നിമിഷം തന്നെ കേരളത്തിന്റെ പ്രത്യാക്രമണമാണ് കണ്ടത്. ഷിഖിലും അര്‍ജുന്‍ ജയരാജും നടത്തിയ മുന്നേറ്റം ഒടുവില്‍ സോയല്‍ ജോഷിയുടെ കാലില്‍. ലോംഗ് റേഞ്ചിന് ശ്രമിച്ചെങ്കിലും ദുര്‍ബലമായിരുന്നു. രണ്ടാം പകുതിയില്‍ കേരളം നന്നായി കളിച്ചു. പക്ഷേ ഗോള്‍ മാത്രം അകന്നു. കളി അധികസമയത്തേക്ക് പോയപ്പോള്‍ ഗ്യാലറിയില്‍ വീണ്ടും ആവേശം. പക്ഷേ ഗോളടിച്ചത് ബംഗാള്‍. അതോടെ ഗ്യാലറി നിശബ്ദം. ലോംഗ് വിസില്‍ കാത്ത് ബംഗാള്‍ തട്ടിമുട്ടി കളിക്കവെ കേരളം തിരിച്ചടിച്ചു. പിന്നെ ഷൂട്ടൗട്ട്. അഞ്ച് പേര്‍ക്കും പിഴച്ചില്ല. കിരീടം. ചരിത്രം.

Test User: