തിരുവനന്തപുരം: കേരളത്തെ രണ്ടായി പിളര്‍ക്കുന്ന സില്‍വര്‍ ലൈനിന്റെ സാമൂഹ്യ, പാരിസ്ഥിതികാഘാതങ്ങളെ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുതെന്നും കല്ലിടലുമായി മുന്നോട്ട് പോകുന്നത് പ്രകോപനപരമാണെന്നും എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പോലെ ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം സില്‍വര്‍ ലൈനിനായി ധൃതി കാട്ടുന്നതെന്തിനെന്ന ചോദ്യവും യോഗത്തിലുയര്‍ന്നു. പദ്ധതിയുടെ സാമൂഹ്യ, പാരിസ്ഥിതിക ആഘാതങ്ങളെപ്പറ്റിയൊന്നും ആര്‍ക്കും ഒരു വ്യക്തതയുമില്ലെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതിയുമായി മുന്നോട്ട് പോകാനെന്നും ഇല്ലെങ്കില്‍ ഒപ്പം നില്‍ക്കുന്ന ജനവിഭാഗത്തിന്റെ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്റെയും മുല്ലക്കര രത്‌നാകരന്റെയും നേതൃത്വത്തിലായിരുന്നു വിമര്‍ശനങ്ങള്‍. കൃഷി മന്ത്രി പി. പ്രസാദും പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് യോഗത്തില്‍ സംശയമുന്നയിച്ചു. പാര്‍ട്ടി ഇതെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും ഇടത് മുന്നണി യോഗത്തില്‍ ആശങ്ക അറിയിക്കണമെന്ന നിര്‍ദേശവും വിമര്‍ശകര്‍ മുന്നോട്ടു വെച്ചു.
എന്നാല്‍, പദ്ധതിയെ ന്യായീകരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പെട്ടെന്ന് നടക്കുന്ന പദ്ധതിയല്ല കെ റെയിലെന്ന് വിശദീകരിച്ചു. പദ്ധതി കടന്നുപോകുന്ന ഭൂവിന്യാസം വിലയിരുത്തുന്നതിനായാണ് ഇപ്പോഴത്തെ സര്‍വേയും കല്ലിടല്‍ പ്രക്രിയയും നടക്കുന്നത്. പദ്ധതി ഇടതുമുന്നണിയുടെ പ്രകടനപത്രികയുടെ ഭാഗമായതിനാല്‍ ഇപ്പോള്‍ തള്ളിപ്പറയാനാവില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന വിടവ് നികത്താന്‍ ഇടതുപക്ഷത്തിനാകില്ലെന്ന ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗത്തില്‍ വാദമുയര്‍ന്നു. ബിനോയ് വിശ്വത്തിന്റെ നിലപാട് സമ്മേളനകാലത്ത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കേണ്ടതാണെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ സമയത്തുണ്ടായ അഭിപ്രായപ്രകടനം അനവസരത്തിലായിപ്പോയെന്ന വിമര്‍ശനം ചിലര്‍ ഉന്നയിച്ചു.
ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തില്‍ കോണ്‍ഗ്രസിനെ ഒഴിച്ചുനിറുത്താനാവില്ലെന്നത് പാര്‍ട്ടി നിലപാടാണ്. ഇടത്, മതേതര, ജനാധിപത്യ ശക്തികളുടെ വിശാലസഖ്യം എന്നത് കഴിഞ്ഞ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയനയമാണെന്നും ബിനോയ് ചൂണ്ടിക്കാട്ടിയതില്‍ അപാകതയില്ലെന്നുമാണ് ഭൂരിഭാഗത്തിന്റെയും നിലപാട്. എന്നാല്‍ തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ പ്രസ്താവന ഒഴിവാക്കാണമെന്നായിരുന്നു വിമര്‍ശകരുടെ നിലപാട്.