പി ടി ഫിറോസ്
ജെഇഇ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യഘട്ട പരീക്ഷ ഏപ്രില്‍ 16 മുതല്‍ 21 വരെയും രണ്ടാംഘട്ട പരീക്ഷ മെയ് 24 മുതല്‍ 29 വരെയുമാണ് നടക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി താഴെക്കൊടുത്ത കാര്യങ്ങള്‍ പ്രത്യേകം ഓര്‍ക്കുക.
ജെഇഇ മെയിന്‍ പരീക്ഷക്ക് രണ്ട് പേപ്പറുകളാണുണ്ടാവുക. ഒന്നാമത്തെ പേപ്പര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നൊളജി(എന്‍ഐടി) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐഐഐടി), കേന്ദ/സംസ്ഥാന സര്‍ക്കാറുകള്‍ ധനസഹായം നല്‍കുന്ന തിരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാപനങ്ങള്‍, ചില സ്വകാര്യ/കല്പിത സര്‍വകലാശാലകള്‍ എന്നിവടങ്ങളിലെ ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് എന്നീ കോഴ്‌സുകളിലെ പ്രവേശനമാഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് രണ്ടാമത്തെ പേപ്പര്‍.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ വിശദ വിവരങ്ങളറിയാനും അപേക്ഷിക്കാനും https://nta.ac.in/, https://jeemain.nta.nic.in/ എന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കാം.
ഒന്നാമത്തെ സെഷന്‍ പരീക്ഷക്ക് ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. രണ്ടാമത്തെ സെഷന്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം ഏപ്രില്‍ 8 മുതല്‍ മെയ് 3 വരെ ആയിരിക്കും. രണ്ട് പരീക്ഷകളും അഭിമുഖീകരിക്കുന്നുവെങ്കില്‍ മികച്ച സ്‌കോര്‍ പരിഗണിക്കുന്നതായിരിക്കും.
2020, 21 വര്‍ഷങ്ങളില്‍ +2 പരീക്ഷ വിജയിച്ചവര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് വൊക്കേഷണല്‍ പരീക്ഷ, സാങ്കേതിക വിദ്യാഭാസ വകുപ്പിന്റെ അംഗീകാരമുള്ള ത്രിവത്സര ഡിപ്ലോമ എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
ബി.ടെക്/ബി.ഇ പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയും കെമിസ്ട്രി/ബയോടെക്‌നോളജി/ബയോളജി/ ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ എന്നിവ പഠിച്ചിരിക്കണം. ബി,ആര്‍ക്ക് പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബി.പ്ലാനിങ് പ്രവേശനത്തിന് മാത്തമാറ്റിക്‌സ് ഒരു വിഷയമായും പഠിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.
കേരളത്തിലും ലക്ഷദീപിലുമുള്ള കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മലയാളത്തിലുള്ള ചോദ്യപ്പേപ്പറുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട് (ഓപ്ഷന്‍ ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തിരഞ്ഞെടുക്കണം).
3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍1 കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്നായി ചോദ്യങ്ങളുണ്ടാവും. സെക്ഷന്‍ എയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് തരത്തിലുള്ള ചോദ്യങ്ങളും സെക്ഷന്‍ ബിയില്‍ സംഖ്യകള്‍ ഉത്തരമായി എഴുതേണ്ട തരത്തിലുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. പേപ്പര്‍ 2 പരീക്ഷയില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത വിഭാഗവും പേപ്പര്‍ അധിഷ്ഠിത ഡ്രോയിങ് വിഭാഗവും ഉണ്ടാവും.
പട്ടിക വിഭാഗങ്ങള്‍. നോണ്‍ ക്രീമിലെയര്‍ കാറ്റഗറിയില്‍ പെടുന്ന പിന്നാക്ക വിഭാഗക്കാര്‍, സാമ്പത്തിക പിന്നാക്ക വിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസരണം സംവരണം ലഭിക്കും.
National Test Abhyas എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി മോക്ക് ടെസ്റ്റ് പരിശീലിക്കാനുള്ള അവസരമുണ്ട്. പരിശീലനത്തിന് സഹായിക്കാന്‍ രാജ്യത്തെമ്പാടുമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെയും ആശ്രയിക്കാം.
എന്‍ഐടികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാക്കിയ ഡാസ (DASA) സ്‌കീമില്‍ പ്രവേശനം നേടുവാനും ജെഇഇ മെയിന്‍ യോഗ്യത നേടണം.
കേരളത്തിലെ 16 സ്ഥലങ്ങളടക്കം 514 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കെഎസ്എ, കുവൈറ്റ്, ഒമാന്‍, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. 4 കേന്ദ്രങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണം.
ഐഐടികളിലെയും മറ്റു ചില പ്രമുഖ സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് മാനദണ്ഡമായ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ അഭിമുഖീകരിക്കണമെങ്കില്‍ ജെഇഇ മെയിന്‍ പരീക്ഷയില്‍ മികവ് തെളിയിച്ച് ആദ്യ 2,50,000 നുള്ളില്‍ വരണം. ജൂലായ് 3നാണു ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടക്കുന്നത്. മറ്റു വിശദാംശങ്ങള്‍ക്ക് https://jeeadv.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.