X
    Categories: indiaNews

മതനാമങ്ങളും ചിഹ്നങ്ങളും പേരിലും കൊടിയിലുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം : കേസ് 2023 ജനുവരി 31ലേക്ക് മാറ്റി

ന്യൂഡല്‍ഹി: മതനാമങ്ങളും ചിഹ്നങ്ങളും പേരിലും കൊടിയിലുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദുചെയ്യാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നാവശപ്പെട്ട് നല്‍കിയ ഹര്‍ജി ജനുവരി 31ലേക്ക് സുപ്രീം കോടതി മാറ്റി.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെതിരെ ആക്ഷേപം ഉന്നയിച്ച് ഹര്‍ജിനല്‍കുകയും മുസ്‌ലിംലീഗിനെ കക്ഷി ചേര്‍ക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളെ കക്ഷിചേര്‍ക്കണമെന്ന് സുപ്രീംകോടതി ഹര്‍ജിക്കാരനോട് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കേസ് ബാധകമാകുന്നവരെ കക്ഷിചേര്‍ക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനെയും വാദിയെയും മാത്രം കേട്ട് കേസ് തീര്‍പ്പാക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് പാര്‍ട്ടി ഇടപെട്ടത്.

മുസ്‌ലിംലീഗ് ദേശീയകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ ദുഷ്യന്ത് ദവെ, സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ ഹാരിസ്ബീരാന്‍, അഡ്വ. മുഹമ്മദ്ഷാ എന്നിവര്‍ ഇന്ന് സുപ്രീംകോടതിയില്‍ മുസ്‌ലിംലീഗിന് വേണ്ടി ഹാജരായി. കേസിലെ ഹരജിക്കാരന്‍ വിദ്വേഷപ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ ആളാണെന്നും രാഷ്ടീയപ്രേരിതമായി നല്‍കിയ കേസാണെന്നും ദുഷ്യന്ത്ദവെ കോടതിയില്‍ പറഞ്ഞു.

ശിവസേന ഉള്‍പ്പെടെയുള്ള പല രാഷ്ടീയപാര്‍ട്ടികളെയും ഒഴിവാക്കി പിന്നാക്കന്യൂനപക്ഷ രാഷ്ടീയംപറയുന്ന രാഷ്ട്രീയകക്ഷികള്‍ക്കെതിരെ മാത്രം ആരോപണമുയര്‍ത്തുന്നത് ദുരുദ്ദേശപരമാണെന്നും ദവെ കോടതിയെ അറിയിച്ചു. ഇത്തരംവിഷയം മുമ്പ് തെര.കമ്മീഷന്റെ മുന്നില്‍ വന്നിട്ടുള്ളതും മുസ്‌ലിംലീഗിന്റെ കാര്യത്തില്‍ തീര്‍പ്പ് കല്‍പിച്ചിട്ടുള്ളതാണെന്നും 1948 മുതല്‍ മതേതര കാഴ്ചപ്പാടിന് ഊന്നല്‍നല്‍കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുമാണ് മുസ്‌ലിംലീഗെന്നും ദവെ പറഞ്ഞു.

ഹര്‍ജിക്ക് മറുപടിയായി ഇതൊക്കെ എഴുതിനല്‍കാമെന്നും അതിന്റെ ഒക്കെ അടിസ്ഥാനത്തിലേ കേസ് തീര്‍പ്പാക്കുകയുള്ളൂ എന്ന് കോടതി അറിയിച്ചു. ഹര്‍ജിയുടെയും തെര.കമ്മീഷന്റെ മറുപടിയുടെയും പകര്‍പ്പ് ലീഗിന്റെ അഭിഭാഷകര്‍ക്ക് നല്‍കാനും കോടതിയറിയിച്ചു. തുടര്‍വാദത്തിനായി കേസ് 2023 ജനുവരി 31ലേക്ക് മാറ്റി.

ഡല്‍ഹി കലാപം,ഇ.ഡി, മീഡിയവണ്‍ വിലക്ക് തുടങ്ങിയ കേസുകളില്‍ ഹാജരായ അഭിഭാഷകനാണ് ദുഷ്യന്ത് ദ വെ. കേസില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന സമിതി യോഗവും നിര്‍ദേശിച്ചിരുന്നു.

Chandrika Web: