അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരിഹാസ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് യുവനേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍. ‘പിണറായി വിജയന്‍ പറഞ്ഞത് സത്യമാണ്. ഞങ്ങള്‍ക്കിന്ന് ദുര്‍ദിനമാണ്, കാരണം ഞങ്ങള്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല സംഘപരിവാര്‍ 4 സ്ഥലത്ത് ജയിക്കുക കൂടി ചെയ്തു. സംഘപരിവാറിനും ആ മനസ്സുള്ളവര്‍ക്കും ഇന്ന് ശുഭദിനമാണ്. താങ്കള്‍ക്ക് ശുഭദിനം നേരുന്നു’- രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് രാഹുലിന്റെ പരിഹാസം.
കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമും മുഖ്യമന്ത്രിയുടെ പരിഹാസ പരാമര്‍ശത്തിന് മറുപടി നല്‍കിയിരുന്നു. ‘ശരിയാണ് സെര്‍, ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദ്ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ’- വിടി ഫേസ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞു.
മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരവും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ‘എനിക്കും ഇന്ന് ദുര്‍ദിനമാണ്. ഈ രാജ്യം എന്നെങ്കിലും വര്‍ഗ്ഗീയ ശക്തികളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കപ്പെടും എന്ന് ആഗ്രഹിച്ചത് കൊണ്ട്. പണവും വര്‍ഗ്ഗീയതയും ജനാധിപത്യത്തെ കശക്കിയെറിയുന്നത് കണ്ട് നില്‍ക്കാന്‍ വയ്യാത്തത് കൊണ്ട്. അതു കൊണ്ട് തന്നെ എനിക്കും ഇന്ന് ദുര്‍ദിനമാണ്. എനിക്ക് മാത്രമല്ല മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം തന്നെയാണ്’- നജീബ് കാന്തപുരം പറഞ്ഞു.
വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചത്. പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത ഈ ദിനം തനിക്ക് ഏറ്റവും സന്തോഷമുള്ള ദിനം ആണെന്ന് ചെന്നിത്തല പ്രസംഗത്തില്‍ പറയുകയുണ്ടായി. എന്നാല്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ വന്ന സമയത്ത് ചെന്നിത്തലയെ വേദിയിലിരുത്തി കൊണ്ട് ‘നിങ്ങള്‍ക്ക് ഇന്ന് ദുര്‍ദിനം ആണല്ലോ’ എന്ന് ചെന്നിത്തലയെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു.