ജറൂസലം: ഫലസ്തീനില്‍ 24 മണിക്കൂറിനിടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി ഇസ്രാഈല്‍ സേന ആക്രമണം തുടരുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ബെത്‌ലഹേമിന് സമീപം ഗാദ ഇബ്രാഹിം സബാതിയന്‍ എന്ന നാല്‍പതുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ ഹെബ്രോണില്‍ മറ്റൊരു സ്ത്രീയും വെടിയേറ്റ് മരിച്ചു.
ആറ് കുട്ടികളുടെ മാതാവും വിധവയുമായ സബാതിയനെ പ്രകോപനം കൂടാതെയാണ് ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സൈനിക പോസ്റ്റിലേക്ക് വന്ന സ്ത്രീയെ മുന്നറിയിപ്പില്ലാതെ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ഇസ്രാഈല്‍ പട്ടാളക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഹെബ്രോണില്‍ ഇസ്രാഈല്‍ പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയത്. അതേസമയം ജെനീന്‍ അഭായര്‍ത്ഥി ക്യാമ്പില്‍ സൈനിക റെയ്ഡ് ഇന്നലെയും തുടര്‍ന്നു.
ഇസ്രാഈല്‍ തലസ്ഥാനമായ ടെല്‍അവീവില്‍ വ്യത്യസ്ത ആക്രമണങ്ങളിലായി 14 പേര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദികളായ അക്രമികള്‍ ജെനീനില്‍ ഉണ്ടെന്ന് റെയ്ഡ് നടത്തുന്നത്. രണ്ടാഴ്ചക്കിടെ 14 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി ഫലസ്തീനികളെ ഇസ്രാഈല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച റഅദ് ഹാസം എന്ന 28കാരനെയും ശനിയാഴ്ച ഇസ്‌ലാമിക് ജിഹാദ് അംഗമായ 25കാരനെയും ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.