വരാണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിയമിച്ച ഉദ്യോഗസ്ഥരുടേയും അഭിഭാഷകരുടേയും നേതൃത്വത്തില്‍ പരിശോധന. പള്ളിക്കു പുറകിലുള്ള ക്ഷേത്രത്തിലേക്ക് പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് നടപടി. വരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തുകയും ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇന്നലെ പള്ളിക്കകത്ത് വീഡിയോ ചിത്രീകരിക്കാന്‍ സമ്മതിച്ചില്ലെന്നാരോപിച്ച് സര്‍വേ നിര്‍ത്തിവെക്കുകയും ചെയ്തു.
വീഡിയോ ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്ന പള്ളിക്കമ്മിറ്റിയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് പള്ളിയുടെ പുറത്ത് പരിശോധന തുടങ്ങിയത്. കനത്ത പൊലീസ് ബന്തവസ്സിലായിരുന്നു നടപടി. കഴിഞ്ഞ വര്‍ഷം അഞ്ചു വനിതകള്‍ നല്‍കിയ ഹര്‍ജിയില്‍ പ്രാദേശിക കോടതിയാണ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്. നിയന്ത്രണങ്ങളില്ലാതെ വര്‍ഷം മുഴുവന്‍ പള്ളിക്കു പുറകിലുള്ള മാ ശ്രീനഗര്‍ ഗൗരി പ്രതിഷ്ഠയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുമതി വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
നിലവില്‍ വര്‍ഷത്തില്‍ ഒരു തവണയാണ് പൂജയ്ക്കായി ഇവിടേയ്ക്ക് പ്രവേശനം നല്‍കുന്നത്.
ഇതിന് പുറമെ കാശി വിശ്വനാഥ ക്ഷേത്ര കോംപ്ലക്‌സിലെ ദൃശ്യവും അദൃശ്യവുമായ ആരാധനാ മൂര്‍ത്തികളെ തൊഴാനായി അനുമതി നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 10നകം പ്രദേശത്ത് പരിശോധന നടത്തി ഇത് വീഡിയോയില്‍ ചിത്രീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഒരു അഭിഭാഷകനെ കമ്മീഷണര്‍ ആക്കിക്കൊണ്ട് പരിശോധന നടത്തുന്നതിനെതിരെ ഗ്യാന്‍വാപി മസ്ജിദ് പരിപാലന കമ്മിറ്റി നല്‍കിയ ഹര്‍ജി കഴിഞ്ഞ മാര്‍ച്ചില്‍ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.