റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ ഇന്ത്യയുടെ ഉറ്റബന്ധുവെന്ന വിശേഷണത്തിന് അര്‍ഹനാണ്. കുഞ്ഞുന്നാള്‍തൊട്ടുതന്നെ പിതാവിന്റെ പാതയിലൂടെ സഞ്ചരിച്ചു ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വഹിച്ച പങ്ക് നിസ്തുലാണ്.
പലതവണ ഇന്ത്യ സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്തു. നയതന്ത്രബന്ധം വെറുമൊരു ബന്ധമാക്കിമാറ്റാതെ എല്ലാ അര്‍ത്ഥത്തിലും മികച്ച ബന്ധമാക്കി മാറ്റാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി.
ജേഷ്ട സഹോദരന്‍ വിശ്രമജീവിതം നയിക്കവെ ഭരണകാര്യങ്ങളില്‍ പൂര്‍ണ്ണമായും വ്യാപൃതനായിരുന്ന ശൈഖ് മുഹമ്മദ്, ഭരണാധികാരിയുടെ മേലങ്കിക്കപ്പുറം സാധാരണക്കാരന്റെ വേഷമണിഞ്ഞു സ്വദേശികളുടെയും വിദേശികളുടെയും പ്രീതി സമ്പാദിച്ച അത്യപൂര്‍വ്വരില്‍ ഒരാളാണ്. 2017ല്‍ ഇന്ത്യയുടെ 68ാമത് റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതും ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി.