ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 49 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 178 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. നേരത്തേ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യക്കായി ദിനേശ് കാര്‍ത്തിക്കിന് മാത്രമാണ് തിളങ്ങിയത്. 46 റണ്‍സെടുത്തു. 21 പന്തില്‍ 4 സിക്‌സുകളും 4 ഫോറുകളും താരം നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദീപക് ചഹാറും ഭേദപ്പെട്ട പ്രകടനം നടത്തി. 17 പന്തില്‍ 31 റണ്‍സാണ് ദീപക് ചഹാര്‍ നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. റണ്ണൊന്നുമെടുക്കാതെയാണ് സൂപ്പര്‍ താരം പുറത്തായത്.
ദക്ഷിണാഫ്രിക്കക്കായി പ്രിറ്റോറിയസ് മൂന്ന് വിക്കറ്റ് നേടി. ലുങ്കി എന്‍ഗിഡിയും വെയിന്‍ പാര്‍നലും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തിരുന്നു. റൂസോയുടെ സെഞ്ച്വറിയും ഡീക്കോക്കിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കക്ക് ശക്തമായ സ്‌കോറിലേക്ക് എത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ടാണ് ഇന്‍ഡോറില്‍ അരങ്ങേറിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ആയതിനാല്‍ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.