X

തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് സഊദിയില്‍ കോവാക്‌സിന്‍ എടുത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇന്ത്യയില്‍ നിന്ന് കോവാക്‌സിന്‍ എടുത്തവര്‍ക്കും സഊദിയുടെ പച്ചക്കൊടി. കോവാക്‌സിന്‍ ഇരു ഡോസുമെടുത്തവര്‍ക്ക് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വാക്‌സിനേഷന്‍ സംബന്ധമായ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി തവക്കല്‍നാ അധികൃതര്‍ അറിയിച്ചു. നേരത്തെ സഊദി അംഗീകരിച്ച ആറ് വാക്‌സിനോടൊപ്പം ഏഴാമതായി കോവാക്‌സിനും സ്ഥാനം പിടിച്ചു. ഫൈസര്‍, മോഡേണ, ആസ്ട്രസെനിക്ക, സിനോഫോം, സിനോവാക്ക്, ജോണ്‍സണ്‍ എന്നിവയാണ് സഊദി മന്ത്രാലയത്തിന്റെ സൈറ്റിലുണ്ടായിരുന്നത്. വിദേശത്ത് നിന്ന് കോവാക്‌സിന്‍ എടുത്തവര്‍ക്ക് ഉംറ വിസ ലഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉംറ വിസക്കാര്‍ക്ക് വേണ്ടി മാത്രമാണോ ഈ നടപടി എന്നത് വ്യക്തമല്ല. കോവാക്‌സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആവാതെ സഊദിയിലെത്തിയവര്‍ക്കും എത്താനിരിക്കുന്നവര്‍ക്കും പുതിയ ഭേദഗതി വഴി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കോവാക്‌സിന്‍ എടുത്ത തൊഴില്‍ വിസയിലുള്ള പ്രവാസികള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ . വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭ്യമായതോടെ കോവാക്‌സിന്‍ എടുത്തവര്‍ക്ക് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ ആപുകളില്‍ അംഗീകാരമാവുകയും തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തെളിയുകയും ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത് . കോവിഡിന്റെ ആദ്യഘട്ടത്തില്‍ ഗള്‍ഫ്‌നാടുകളില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസികളില്‍ ഭൂരിഭാഗവും കോവാക്‌സിനായിരുന്നു എടുത്തത്. സഊദിയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്‌സിന്‍ എടുത്തവര്‍ ഏറെ മാസങ്ങളായി ആശയകുഴപ്പത്തിലായിരുന്നു. മടങ്ങിയെത്തിയാല്‍ വീണ്ടും വാക്‌സിന്‍ ചെയ്യേണ്ടി വരുമെന്ന ആശങ്കയിലായിരുന്നവര്‍. മടങ്ങിയെത്തിയ പലരും കോവാക്‌സിന്‍ എടുത്ത വിവരം രേഖപെടുത്തിയിരുന്നുമില്ല.

സഊദിയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ കോവാക്‌സിന്‍ എടുത്ത സഊദി പ്രവാസികളെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ നേരത്തെ തടഞ്ഞിരുന്നു. അനുമതിയില്ലാത്ത വാക്‌സിന്‍ എടുത്തവര്‍ക്ക് ബോര്‍ഡിങ് നല്‍കാന്‍ സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ തയ്യാറായിരുന്നില്ല. സഊദിയുടെ അംഗീകാരമുള്ള വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കൈവശമില്ല എന്ന കാരണത്താലാണ് ഇവര്‍ തടയപ്പെട്ടിരുന്നത്.
രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസും ഇനി മുതല്‍ കോവാക്‌സിന്‍ എടുത്തവര്‍ക്കും സ്വന്തമാകും. അതോടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ എയര്‍ലൈന്‍ ജീവനക്കാരുടെ പീഡനങ്ങള്‍ക്ക് പ്രവാസികള്‍ക്ക് ഇരയാകേണ്ടിവരില്ല.

കോവാക്‌സിന്‍ സ്വീകരിച്ച് സഊദിയിലെത്തിയ സന്ദര്‍ശക വിസക്കാര്‍ക്കും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവും. പാസ്‌പോര്‍ട്ട് നമ്പര്‍, ബോര്‍ഡര്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ വിവരങ്ങള്‍ ഉറപ്പു വരുത്തണം. ഏതായാലും ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ സന്തോഷം പകരുന്ന നടപടികളാണ് തവല്‍ക്കനയില്‍ കൂട്ടി ചേര്‍ക്കപ്പെട്ടിട്ടുള്ളത് .

Test User: