X

സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക്- പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ബഹുസ്വരതയുടെ വിളനിലമാണ് ഇന്ത്യ. വിവിധ മതങ്ങള്‍, ഭാഷകള്‍, വേഷങ്ങള്‍ ആഹാര രീതികള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയില്‍ ഇന്ത്യയെ പോലെ വ്യതിരിക്തത പുലര്‍ത്തുന്ന മറ്റൊരു രാഷ്ട്രവും ലോകത്തിലില്ല. എല്ലാ വിഭാഗത്തിനും സ്വീകാര്യമായ ഒരു മതേതര ജനാധിപത്യ ഭരണ സംവിധാനമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള നമ്മുടെ ഭരണഘടനക്ക് അനുസൃതമായിട്ടാണ് ഇന്ത്യയില്‍ ഭരണസംവിധാനങ്ങള്‍ ചലിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള ഖണ്ഡങ്ങള്‍ പ്രത്യേകമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്. ഒരു തരത്തിലും രാജ്യത്തെ പൗരന്‍മാര്‍ വിവേചനം നേരിടാന്‍ പാടില്ല എന്നതാണ് ഭരണഘടനാ ശില്‍പികള്‍ അവകാശ സംരക്ഷണത്തിലൂടെ വിഭാവനം ചെയ്തത്. എന്നാല്‍, ഭരണഘടനയില്‍ ആലേഖനം ചെയ്തത് കൊണ്ട് മാത്രം അത് ലഭ്യമാവില്ല.

അതിന് പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള ഇടപെടല്‍ അനിവാര്യമാണ്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നിയമ നിര്‍മ്മാണ സഭകളില്‍ ഉന്നയിക്കാനും നേടിയെടുക്കാനും രാഷ്ട്രീയമായ സംഘാടനം തന്നെയാണ് ഉണ്ടാവേണ്ടത് എന്ന തിരിച്ചറിവില്‍ നിന്നാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം പിറവി കൊണ്ടത്. ലോകത്ത് പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ സംഘടിച്ചിട്ടുണ്ട്. മതം, ഭാഷ, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഈ ഐക്യപ്പെടല്‍ അവരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചിട്ടുമുണ്ട്. മുസ്‌ലിം ലീഗ് പ്രസ്ഥാനം മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി ശബ്ദിക്കുമ്പോഴും ഇതര മത വിശ്വാസികളുമായിസൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വത്തിന് വേണ്ടി നിലകൊള്ളുന്നു.

‘സ്വന്തം സമുദായത്തിന്റെ ഒരു അണുമണി തൂക്കം അവകാശങ്ങള്‍ ഞങ്ങള്‍ വിട്ടു തരില്ല, മറ്റൊരു സമുദായത്തിന്റെ മുടിനാരിഴ അവകാശങ്ങള്‍ കവരുകയുമില്ല.’ മുസ്‌ലിം ലീഗ് പ്രസ്ഥാനം എന്താണെന്ന ചോദ്യത്തിനുള്ള സംക്ഷിപ്തമായ ഉത്തരമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സി .എച്ചിന്റെ വാക്കുകളില്‍ അടങ്ങിയിട്ടുള്ളത്.

ഈ ആശയത്തിലൂന്നിയാണ് കഴിഞ്ഞ 74വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയത്തി ല്‍ മുസ്‌ലിം ലീഗ് പ്രയാണം നടത്തി കൊണ്ടിരിക്കുന്നത്. സ്വത്വ രാഷ്ട്രീയത്തിന്റെ പേരില്‍ സംഘാടനം ആവശ്യമില്ലെന്നും എല്ലാ അവകാശങ്ങളും വകവെച്ചു നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഉറപ്പു നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പല സംസ്ഥാനങ്ങളിലും ഭരണചക്രം തിരിച്ചിട്ടും ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും ഭരണഘടനാ ശില്‍പികള്‍ സ്വപ്‌നം കണ്ട സാമൂഹിക നീതി ഇനിയും പുലര്‍ന്നിട്ടില്ല.

കേരളത്തിന് പുറത്ത് ഹിന്ദു പാനിയും മുസ്‌ലിം പാനിയും ഇപ്പോഴും കാണാന്‍ കഴിയും. അവിടങ്ങളില്‍ മുസ്‌ലിംകളുടെയും ഹൈന്ദവരുടെയും താമസയിടങ്ങള്‍ വേറെ വേറെയാണ്. ഹൈന്ദവരും മുസല്‍മാനും ക്രിസ്ത്യാനിയും ഒന്നിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ജീവിത വൃവഹാരങ്ങളില്‍ കൂട്ടം ചേരുകയും ചെയ്യുന്ന കാഴ്ച കേരളത്തിന്റെ പ്രത്യേക സവിശേഷതയാണ്.ഓണവും ക്രിസ്മസും പെരുന്നാളും ശ്രീകൃഷ്ണ ജയന്തിയും നബിദിനവുമെല്ലാം വിശ്വാസികള്‍ തമ്മില്‍ സ്‌നേഹം കൈമാറുന്ന ദിനങ്ങള്‍ കൂടിയാണ്.

കേരളത്തിന് പുറത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മുസ്‌ലിംകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ്. മതം, ജാതി, വര്‍ണ്ണം എന്നിങ്ങനെ വ്യത്യസ്ത കാരണങ്ങളാല്‍ സമ്പന്ന വര്‍ഗങ്ങളും ഭരണകൂടങ്ങളും അരികുവല്‍ക്കരിക്കപ്പെട്ട ഒരു മനുഷ്യ സമൂഹങ്ങള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴും ജീവിക്കുന്നുണ്ട്. ആ കൂട്ടത്തില്‍ മുസ്‌ലിം സമുദായവും ഉള്‍പ്പെടുന്നുണ്ട്.അത് മൂലം പരസ്പരം സ്‌നേഹം പങ്ക് വെക്കുന്ന ഇടങ്ങളും മുഖ്യധാരയില്‍ ലയിച്ചു ചേരാനുള്ള അവസരങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളും ദലിത് ന്യൂനപക്ഷങ്ങളും ഭരണകൂടത്തിന്റെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും ഇരകളാണ്. അതിന് കാരണം അവര്‍ സംഘടിതരല്ല എന്നതാണ്. എന്നാല്‍ കേരളത്തിലെ മുസ്‌ലിം സമുദായം അതില്‍ നിന്നും വിഭിന്നരാണ്. അവര്‍ നാടിന്റെ മുഖ്യധാരയില്‍ നിലയുറപ്പിച്ചവരാണ്. അതിന് അവരെ സജ്ജരാക്കിയത് രാഷ്ട്രീയമായ ഐക്യപ്പെടലാണ്.സ്‌കൂളും കോളജും റോഡും പാലവും ആശുപത്രിയും എവിടെ വേണമെന്ന് തീരുമാനിക്കുന്ന നിയമസഭയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മുസ്‌ലിം ലീഗ് എന്ന മേല്‍ വിലാസത്തില്‍ അംഗബലം ആര്‍ജിച്ചതു കൊണ്ടാണ് ഈ മാറ്റം സാധ്യമായത്.

ഇതര മതേതര വിശ്വാസികള്‍ കൂടി ലീഗിന് വോട്ടുകള്‍ നല്‍കുന്നത് കൊണ്ടാണ് അഭിമാനകരമായ അസ്തിത്വത്തിന്റെ ഗോവണിപ്പടി കയറാനായത്. മതേതര ചിന്തകള്‍ പകരുന്നതിലും സൗഹാര്‍ദ്ദ അന്തരീക്ഷം കൈവരുത്തുന്നതിലും ലീഗ് എപ്പോഴും മുന്നില്‍ നിന്നിട്ടുണ്ട്. മതേതരത്വത്തിന് പോറലേല്‍ക്കുന്ന ഘട്ടങ്ങളില്‍ മതസൗഹാര്‍ദ്ദത്തിന്റെ ദീപസ്തംഭങ്ങളായിട്ടാണ് ബാഫഖി തങ്ങള്‍, സീതി സാഹിബ്, പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, ശിഹാബ് തങ്ങള്‍. ഇ അഹമ്മദ്, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ നിലകൊണ്ടത്.

ഇന്ത്യയിലെ ഓരോ പൗരനും അന്തസോടെ ജീവിക്കാനുള്ള അവസരങ്ങള്‍ രാജ്യം ഭരിക്കുന്നവര്‍ നിഷേധിക്കുകയാണ്. എന്ത് ഭക്ഷണം കഴിക്കണം. ഏത് വസ്ത്രം ധരിക്കണം, എന്തെഴുതണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഭരണകൂടത്തിന്റെ കൈകടത്തലുകള്‍ ഉണ്ടാവുന്നു. കര്‍ണ്ണാടകയില്‍ നിന്നു കേട്ട ഹിജാബ് വിവാദം ഒടുവിലത്തെ സംഭവമാണ്. ന്യൂനപക്ഷങ്ങളുടെ പേരില്‍ യു.എ .പി എ കേസുകള്‍ ചുമത്തിയും വഖഫ് ബോര്‍ഡ് നിയമനം പി .എസ്.സി ക്കു വിട്ടും പൗരത്വ കേസുകള്‍ പിന്‍വലിക്കുന്നതില്‍ അമാന്തം കാട്ടിയും സ്റ്റുഡന്റ്റ് പൊലീസ് കേഡറ്റില്‍ ശിരോവസ്ത്ര വിലക്ക് പ്രഖ്യാപിച്ചും കേരളം ഭരിക്കുന്നവരും ന്യൂനപക്ഷ അവകാശ ധ്വംസകരായി മാറുകയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍ ഹനിക്കുന്ന ഭരണകൂട നീക്കങ്ങളില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കലുഷിതമായ ഈ അന്തരീക്ഷത്തെ മുതലെടുത്തു കൊണ്ട്‌യുവാക്കള്‍ക്കിടയില്‍ വര്‍ഗീയത കുത്തിവെക്കാന്‍ ഒരു വശത്ത് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. യുവാക്കളുടെ അതിവൈകാരികതയെ ചൂഷണം ചെയ്ത് അവരെ റാഞ്ചിയെടുക്കാനുള്ള അത്തരക്കാരുടെ നീരാളി കൈകളില്‍ നിന്നും യുവത്വത്തെ തടഞ്ഞ് നിര്‍ത്താനുള്ള ബാധ്യത യൂത്ത് ലീഗ് ഏറ്റെടുക്കുകയും ഇത്തരം സംഘടനകളുമായുള്ള ആശയ പോരാട്ടം തുടരുകയുമാണ്.

ഈ പ്രതിരോധ സമരത്തില്‍ മുസ്‌ലിം യൂത്ത് ലീഗിലെ നിരവധി ചെറുപ്പക്കാര്‍ക്ക് രക്ത സാക്ഷികളാവേണ്ടി വന്നിട്ടുമുണ്ട്. വര്‍ഗീയതക്കെതിരായുള്ള മറുമരുന്ന് ഒരിക്കലും പ്രതിവര്‍ഗിയതയല്ല. ജനാധിപത്യത്തിലൂടെയുള്ള പ്രതിരോധമാണ് അഭികാമ്യം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന അപക്വമായ ഏതൊരു നീക്കവും വര്‍ഗീയ ചേരിക്ക് ഗുണം ചെയ്യും. നമ്മോടൊപ്പം കൈകോര്‍ത്ത് ഫാസിസത്തിനെതിരായി പോരാട്ടം നടത്തുന്നതിന് അത്തരം നീക്കങ്ങള്‍ നിരാശപ്പെടുത്തും.

ഈ സന്ദേശങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ മുസ്‌ലിം യൂത്ത് ലീഗ് നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുകയാണ് ബഹുമത സമൂഹത്തില്‍ പരസ്പര സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നവരായി മാറാന്‍ യുവാക്കള്‍ക്ക് കഴിയണം. സ്വന്തം മതവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വിശ്വാസം സംരക്ഷിക്കുവാനുള്ള മാനസിക സന്നദ്ധതയിലേക്ക് യുവ ജനങ്ങള്‍ വളരണം. മദ്യം, മയക്കുമരുന്ന്, അഴിമതി തുടങ്ങിയ തിന്മകളെ നാടു നീക്കുന്ന പോരാട്ടത്തിലും ശ്രദ്ധ ചെലുത്തണം. രാഷ്ട്രത്തിനും സമുദായത്തിനും ഗുണകരമായി മാറും വിധം മാതൃക യുവാക്കളെ സൃഷ്ടിച്ചെടുക്കാനുള്ള യജ്ഞമാണ് യൂത്ത് ലീഗ് നിര്‍വ്വഹിക്കുന്നത്. പുതിയ കാലഘട്ടത്തില്‍ യുവജനങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് ബഹുമുഖ ലക്ഷ്യത്തോടെയാണ് ‘സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക്’, എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ സമ്മേളനം സംഘടിപ്പിക്കുന്നത്. 2022 മാര്‍ച്ച് 26 ന് ശനിയാഴ്ച ആലപ്പുഴയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറിലാണ് സമ്മേളനം നടത്തുന്നത്.കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ യുവജനങ്ങളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യൂണിറ്റ് സംഗമങ്ങള്‍ക്ക് ശേഷമാണ് ഈ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. മുസ്‌ലിം ലിഗിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ നിരവധി മഹാസമ്മേളനങ്ങള്‍ക്ക് ദക്ഷിണ കേരളം സാക്ഷിയായിട്ടുണ്ട്.

ഭാഷാ അടിസ്ഥാനത്തില്‍ കേരളം രൂപീകരിക്കപ്പെട്ടതിന് ശേഷം മുസ്‌ലിം ലീഗിന്റെ പ്രഥമ സംസ്ഥാന കമ്മറ്റിയുടെ പ്രഖ്യാപന സമ്മേളനം എറണാകുളത്തും ഒന്നാം സംസ്ഥാന സമ്മേളനം ആലപ്പുഴയിലുമാണ് ചേര്‍ന്നത്. ഈ മേഖലയില്‍ നിന്ന് നിരവധി നിയമസഭ സമാജികരെയും തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഒട്ടനവധി അംഗങ്ങളെയും വിവിധ സമയങ്ങളില്‍ ജയിപ്പിച്ചെടുക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.നമ്മുടെ യുവാക്കള്‍ മുസ്‌ലിം ലീഗ് ആശയത്തിന്റെ പ്രചാരകരായി മുന്നോട്ടു വരാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലക്ക് ഈ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ട്. ഭാവി തലമുറക്ക് ദിശാബോധം നല്‍കാനും സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തെ കൂടുതല്‍ സമൃദ്ധമാക്കാനുമുള്ള കര്‍മ്മ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ക്ക് സമ്മേളനം വേദിയാവും. അല്ലാഹു അനുഗ്രഹിക്കട്ടെ.

Test User: