X

അറിയാം ചില വിചിത്രമായ ഭയങ്ങള്‍ 

ദില്‍ഷാദ് ജഹാന്‍

ചില വിചിത്രമായ ഭയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് നമ്മള്‍ പലരും. വെള്ളത്തിനോട്, ഇടുങ്ങിയ സ്ഥലങ്ങളോട്, മൃഗങ്ങളോട്, വിമാനത്തോട് അങ്ങനെ പോകുന്നു നമ്മുടെ ഭയങ്ങള്‍. ഇത്തരത്തിലുള്ള ഒരു പ്രത്യേക വസ്തുവിനോടോ സാഹചര്യങ്ങളോടോ ഉള്ള യുക്തിരഹിതമായ അമിതഭയത്തിനെയാണ് ഫോബിയ എന്ന് പറയുന്നത്. ഗ്രീക്ക് പദമായ ഭയം അല്ലെങ്കില്‍ ഭീകരത എന്നര്‍ത്ഥം വരുന്ന ഫോബോസ് എന്ന വാക്കില്‍ നിന്നാണ് ഫോബിയ ഉണ്ടായത്.
ആളുകളില്‍ 25 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ഫോബിയ ഉള്ളവരാണ്. നൂറ് കണക്കിന് വ്യത്യസ്ത തരം ഫോബിയകള്‍ ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ചില പൊതുവായ ഫോബിയകളെ കുറിച്ചറിയാം.

അഗോറഫോബിയ
ബാങ്ക്, ബസ്സ്റ്റാന്റ്, പാലങ്ങള്‍ അങ്ങിനെ ഏതെങ്കിലും പൊതുസ്ഥലത്ത് എത്തിപ്പെടുമ്പോള്‍ ഉത്കണ്ഠ കാരണം വ്യക്തികളിലുണ്ടാകുന്ന രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങി എന്ന തോന്നലാണിത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ ഫോബിയ ഇരട്ടിയാണ്. കൃത്യമായ ചികിത്സയിലൂടെ അഗോറ ഫോബിയയുള്ള പത്തില്‍ ഒമ്പതുപേരെയും രക്ഷപ്പെടുത്താനാവും.

സോഷ്യല്‍ഫോബിയ
ഒരു സാമൂഹ്യസാഹചര്യത്തില്‍ എങ്ങിനെ പെരുമാറും എന്നതിനെക്കുറിച്ചുള്ള തീവ്രമായ ഉത്കണ്ഠയും ഭയവുമാണ് സോഷ്യല്‍ ഫോബിയ. തന്റെ പ്രവൃത്തികള്‍ ശരിയാവുമോ, മറ്റുള്ളവര്‍ തന്റെ ഉത്കണ്ഠ മനസ്സിലാക്കുമോ, സംസാരിക്കാന്‍ വേണ്ട സമയത്ത് വാക്കുകള്‍ കിട്ടുമോ തുടങ്ങിയ ചിന്തകള്‍ ഈ ഫോബിയക്കാരെ സദാ അലട്ടും. കൃത്യമായി ചികിത്സയെടുത്തില്ലെങ്കില്‍ ഇത്തരക്കാര്‍ സാമൂഹ്യ ബന്ധങ്ങള്‍ ഒഴിവാക്കുന്ന അവസ്ഥയുണ്ടാകും.

ക്ലോസ്ട്രോഫോബിയ
ഇടുങ്ങിയതോ അടഞ്ഞതോ ആയ സ്ഥലങ്ങളില്‍ അകപ്പെടുമ്പോഴുള്ള അകാരണമായ ഭയമാണിത്. ലിഫ്റ്റിലും ഇടനാഴിയിലും ഒക്കെ അകപ്പെടുമ്പോള്‍ ഇത്തരക്കാരെ ഉത്കണ്ഠ പിടികൂടും. അത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ കുടുങ്ങിയതായോ ശ്വാസം മുട്ടുന്നതായോ ഒക്കെ ഇത്തരക്കാര്‍ക്ക് അനുഭവപ്പെടും.

ബ്രോണ്ടോഫോബിയ
ഇടിവെട്ടിനോടുള്ള അമിത ഭയമാണിത്. ഇടിവെട്ട് എന്നര്‍ത്ഥമുള്ള ബ്രോണ്ടേ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പേരിന്റെ ഉത്ഭവം. ഇടിവെട്ട് കൊണ്ട് അപകടമുണ്ടാവില്ല എന്ന് അറിയാമെങ്കിലും ഇത്തരം ഫോബിയ ഉള്ളവര്‍ ഇടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പുറത്ത് പോകാന്‍ മടിക്കും. ഇടിയെയും മിന്നലിനെയും ഒരു പോലെ ഭയപ്പെടുന്ന അവസ്ഥയെ അസ്ട്രാഫോബിയ എന്നാണ് വിളിക്കുന്നത്. ഈ ഫോബിയ മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും കാണാറുണ്ട്.

അക്രോഫോബിയ
ഉയര്‍ന്ന പ്രദേശങ്ങളോടോ ഉയരമുള്ള കെട്ടിടങ്ങളോടോ ഒക്കെയുള്ള തീക്ഷണമായ ഭയമാണിത്. സ്റ്റെയര്‍ കേസിലൂടെയോ കോണിയിലൂടെയോ കയറുമ്പോള്‍ ഇത്തരക്കാരില്‍ അകാരണമായി ഭയമുണ്ടാകും. ചിലപ്പോള്‍ ഈ പേടി അപകടം തന്നെയുണ്ടാക്കാം. ഉയരത്തിലെത്തുമ്പോള്‍ ഇങ്ങിനെ ഉണ്ടാകുന്ന ഉത്കണ്ഠ മൂലം ഇവര്‍ക്ക് താഴെ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുമുണ്ടാകും.

ബ്ലഡ്-ഇന്‍ജെക്ഷന്‍-ഇന്‍ജുറിഫോബിയ
രക്തം, കുത്തിവെപ്പ്, പരിക്കേല്‍ക്കല്‍ എന്നിവയില്‍ അമിതമായി പേടിക്കുന്ന അവസ്ഥയാണിത്. ഇതില്‍ രക്തത്തെ പേടിയുള്ള അവസ്ഥയെ ഹീമോഫോബിയ എന്നും കുത്തിവെപ്പിനോടുള്ള പേടിയെ ട്രിപ്പനോഫോബിയ എന്നുമാണ് വിളിക്കുന്നത്. അതു പോലെതന്നെ ചിലര്‍ക്ക് മുറിവേല്‍ക്കുന്നതിനെയാണ് പേടിയെങ്കില്‍ മറ്റ് ചിലര്‍ക്ക് ശസ്ത്രക്രിയ പോലുള്ള ചികില്‍സകളെയായിരിക്കും പേടി. ഇത്തരം സന്ദര്‍ഭങ്ങില്‍ ഈ ഫോബിയ ഉള്ളവര്‍ക്ക് ബോധം തന്നെ നഷ്ടപ്പെടാം.

സൂഫോബിയ
ഫോബിയകളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് സൂഫോബിയ. മൃഗങ്ങളോടുള്ള പേടിയാണിത്. ഒരോ പ്രത്യേക ജന്തുവിനോടുമുള്ള പേടിക്ക് വെവ്വേറെ പേരുകളുണ്ട്. സാധാരണ കുട്ടിക്കാലത്ത് രൂപപ്പെടുന്ന ഇത്തരം പേടികള്‍ പ്രായമാകുമ്പോള്‍ താനേ മാറാറുണ്ട്. പക്ഷേ ചിലരില്‍ ഇത് പിന്നീടും കാണാറുണ്ട്.

കാര്‍സിനോഫോബിയ
കാന്‍സര്‍ വരുമോ എന്ന അനാവശ്യ ഭയവുമായി ജീവിക്കുന്ന അവസ്ഥയാണിത്. ശരീരത്തിലുണ്ടാകുന്ന ഏത് അസ്വസ്ഥതയും കാന്‍സര്‍ ആണോ എന്ന പേടി ഇവരില്‍ സദാ ഉണ്ടാകും. സാധാരണ തലവേദന പോലും ബ്രെയിന്‍ ട്യൂമറാണോ എന്ന് സംശയിക്കും ഇക്കൂട്ടര്‍. കോഗ്‌നിറ്റീവ് തെറാപ്പിയിലൂടെ കാര്‍സിനോ ഫോബിയ മാറ്റിയെടുക്കാനാവും.

എയറോഫോബിയ
വിമാനത്തില്‍ കയറാനുള്ള പേടിയാണിത്. മോശമായ കാലാവസ്ഥയും മറ്റും മൂലം വിമാന യാത്രയില്‍ മുമ്പുണ്ടായിട്ടുള്ള ദുരനുഭവങ്ങളോ, വിമാനത്തില്‍ വെച്ച് സഹയാത്രികനുണ്ടായ ആഘാതമോ ഒക്കെയാവാം ഇത്തരം പേടി രൂപപ്പെടാനുള്ള കാരണം. ഹിപ്നോ തെറാപ്പിയിലൂടെ എയറോഫോബിയ മാറ്റിയെടുക്കാനാവും.

ഫാസ്മോഫോബിയ
പ്രേതങ്ങളെക്കുറിച്ചുള്ള ചിന്ത തന്നെ നിങ്ങളില്‍ പേടിയുണ്ടാക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഫാസ്മോ ഫോബിയ ഉണ്ടെന്ന് മനസ്സിലാക്കാം. പ്രേത കഥകള്‍ പറയുമ്പോഴോ പ്രേതങ്ങളും മറ്റ് അമാനുഷിക ഘടകങ്ങളും അവതരിപ്പിക്കുന്ന സിനിമകള്‍ കാണുമ്പോഴോ പലരും ഉത്കണ്ഠയുടെ ഒരു പ്രത്യേക ആവേശം അനുഭവിക്കുന്നു. മിക്കവര്‍ക്കും ഈ ഭയം നിയന്ത്രിക്കാന്‍ കഴിയും, ചിലര്‍ അത് സൃഷ്ടിക്കുന്ന വികാരം പോലും ആസ്വദിക്കുന്നു.

ഫോബിയ ചികില്‍സ

ഫോബിയ ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ ഇടയ്ക്കിടെ വ്യക്തിയെ അകപ്പെടുത്തി ക്രമേണ അതിനോടുള്ള പ്രതികരണം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയാണ് ഡീ സെന്‍സിറ്റൈഷന്‍. ഇത് തുടരുമ്പോള്‍ വ്യക്തിയുടെ ഭയം കുറഞ്ഞ് വരുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ഫോബിയ ഉള്ള വ്യക്തിക്ക് സംസാര ചികില്‍സയും നല്‍കും.
ഭയമുളവാക്കുന്ന സാഹചര്യത്തെക്കുറിച്ച് ആ വ്യക്തി ചിന്തിക്കുന്ന രീതി മാറ്റാനും അവയോട് പുതിയ പ്രതികരണം രൂപപ്പെടുത്തിയെടുക്കാനും സംസാര ചികില്‍സ സഹായിക്കും. ഫോബിയക്കാരില്‍ 90 ശതമാനം പേരിലും ചികില്‍സ മികച്ച ഫലമുണ്ടാക്കാറുണ്ട്.

Test User: