X

തന്റെ ഹൃദയം നുറുങ്ങുന്നു: ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിരാശ പരസ്യമാക്കി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ഫലം വന്നപ്പോള്‍ ഞെട്ടിപ്പോയെന്നും ഹൃദയം നുറുങ്ങുകയാണെന്നുമായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും ജി 23 സംഘത്തിലെ പ്രധാനിയുമായ ഗുലാം നബി ആസാദിന്റെ പ്രതികരണം.

‘ഞാന്‍ ഞെട്ടിപ്പോയി. ഓരോ സംസ്ഥാനത്തും നമ്മുടെ തോല്‍വി കാണുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാര്‍ട്ടിക്ക് നല്‍കി. ഞാനും എന്റെ സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകളും പാര്‍ട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്- ഗുലാംനബി പറഞ്ഞു. അതേസമയം നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. ഗുലാം നബിയുടെ വീട്ടിലാണ് യോഗം ചേര്‍ന്നത്.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാമ്പയിനര്‍ ലിസ്റ്റില്‍ ഗുലാം നബി ആസാദിനേയും മനീഷ് തിവാരിയേയും ഉള്‍പ്പെടുത്തിയിരുന്നില്ല. ആത്മ പരിശോധനയുടെ സമയം കഴിഞ്ഞുവെന്നും ഇനി തീരുമാനമെടുക്കാനുള്ള സമയമാണെന്നും മറ്റൊരു നേതാവ് പ്രിഥ്വിരാജ് ചൗഹാന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ തിരുത്തല്‍വാദികളായ കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി അടക്കമുള്ള 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് മുമ്പ് സോണിയക്ക് കത്തെഴുതിയത്. കോണ്‍ഗ്രസിന് പ്രത്യക്ഷത്തിലുള്ളതും സജീവമായതുമായ ഒരു അധ്യക്ഷന്‍ വേണമെന്നായിരുന്നു ആവശ്യം. ഇത് പാര്‍ട്ടിക്കകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

Test User: