ചരിത്ര സ്മാരകമായ കുത്തുബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. മഹാകല്‍ മാനവ് സേന ഉള്‍പ്പെടെയുള്ള സംഘടനകളാണ് ആവശ്യവുമായി പ്രതിഷേധം സംഘടിപ്പിച്ചത്. സൗത്ത് ദല്‍ഹിയിലെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റിന് അടുത്തായാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിരുന്നു.
യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലെ ചരിത്ര സ്മാരകമാണ് കുത്തബ് മിനാര്‍. നേരത്തെ വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബന്‍സാല്‍ കുത്തബ് മിനാര്‍ വിഷ്ണു സ്തംഭമാണെന്ന് അവകാശപ്പെട്ടിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ് കുത്തുബ് മിനാര്‍ ഉണ്ടാക്കിയതെന്നും ആരോപണം ഉന്നയിച്ചിരുന്നു. തകര്‍ത്ത 27 ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കണമെന്നും ഹൈന്ദവരെ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നും വി.എച്ച്.പി പറഞ്ഞിരുന്നു.