രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിന് പിന്നാലെയാണ് മാറ്റിയത്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ലാലുവിനെ ഡല്‍ഹിയിലേക്ക് മാറ്റിയത്. ഹൃദയത്തിലും കിഡ്‌നിയിലും പ്രശ്‌നങ്ങളുണ്ട്.
അതേസമയം, കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യഹരജി കേള്‍ക്കുന്നത് ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് ലാലുപ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണം കേസില്‍ റാഞ്ചി സി.ബി.ഐ കോടതി 5 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ഫെബ്രുവരി 15നാണ് ടൊറണ്ട ട്രഷറിയില്‍ നിന്ന് 139.35 കോടി അന്യായമായി പിന്‍വലിച്ചതില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. അഞ്ചാമത്തേതും അവസാനത്തേയും കേസായിരുന്നു അത്. മറ്റ് നാല് കേസുകളില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു.