X

ഹജ്ജ് 2022; കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണം;ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്ന് വീണ്ടും കോഴിക്കോട് കരിപ്പൂർ വിമാനത്താവളം ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും കരിപ്പൂരിനെ  ഉൾപ്പെടുത്തണമെന്നും വിമാനത്താവള ഉപദേശക സമിതി ചെയർമാൻ കൂടിയായ പാർലമെൻറ് അംഗം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോടും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ് വിയോടും  ആവശ്യപ്പെട്ടു. തീർത്ഥാടകബാഹുല്യവും ഭൗതികസൗകര്യങ്ങളുടെ ലഭ്യതയും പരിഗണിക്കുമ്പോൾ എംബാർക്കേഷൻ പോയൻ്റായി തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും അർഹതയുള്ള വിമാനത്താവളമാണ് കോഴിക്കോട്.
കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് നടക്കാത്തതിൻ്റെ പേരിലാണ് ഈ നടപടിയെങ്കിൽ, വൻ വിമാന സർവ്വീസ് തുടങ്ങുന്നതിന് അവിടെ ഒരു തടസ്സവുമില്ലെന്ന വസ്തുത ഏവർക്കും അറിയുന്നതാണ്. വിമാനാപകടത്തിൻ്റെ പേരിൽ നിർത്തിവച്ച വൻ വിമാന സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ഇതിനകം പല സ്ഥലങ്ങളിൽ ഉന്നയിക്കപ്പെട്ടതാണ്. മാത്രവുമല്ല, അപകടത്തി ന്ന് റൺവേ അടക്കമുള്ള വിമാനത്താവളത്തിൻ്റെ ഭൗതിക സൗകര്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടും വലിയ വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നതിന് നീതീകരണവുമില്ല.
കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകരിൽ വലിയൊരു വിഭാഗം സംസ്ഥാനത്തിൻ്റെ വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്. കൊച്ചിയിലെ എംബാർക്കേഷൻ പോയൻ്റിലേക്ക് ഏറെ ദൂരം യാത്ര ചെയ്യേണ്ട ഗതികേടാണ് അവർക്കുള്ളത്. രാജ്യത്താകെയുള്ള എംബാർക്കേഷൻ കേന്ദ്രങ്ങൾ ഇരുപത്തി ഒന്നിൽ നിന്ന് പത്താക്കി ചുരുക്കിയതും തീർഥാടകർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന തീരുമാനമാണ്‌. വിമാനം കയറാൻ ദീർഘദൂര യാത്ര ചെയ്യേണ്ട അവസ്ഥ അവരെ വിഷമവൃത്തത്തിൽ അകപ്പെടുത്തും. കൊച്ചിയിലെ എംബാർക്കേഷൻ  പോയൻ്റിൽ കേരളത്തിനു പുറമെ മാഹി, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു തുടങ്ങി ആൻഡമാൻ-നിക്കോബാർ വരെയുള്ള പ്രദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  കൊച്ചിയിലെത്താൻ നൂറു കണക്കിന് കിലോമീറ്ററുകളാണ് അവർക്ക് യാത്ര ചെയ്യേണ്ടിവരിക. അതുകൊണ്ട് എംബാർക്കേഷൻ പോയൻ്റുകളുടെ എണ്ണം കഴിയുന്നത്ര വർദ്ധിപ്പിക്കാനും നടപടിയുണ്ടാകണമെന്നും മന്ത്രിമാർക്കും അയച്ച ഇ-മെയിലിൽ സമദാനി ആവശ്യപ്പെട്ടു.
ഹജ്ജ് അപേക്ഷകരിൽ പ്രവാസികൾക്കുള്ള പരിഗണന വേണ്ടെന്നുവെച്ചതും പുനഃപരിശോധിക്കണമെന്നും അത് നിലനിർത്തണമെന്നും സമദാനി ആവശ്യപ്പെട്ടു.

Test User: